rinku
എസ്.എസ് സമിതിയിൽ കഴിഞ്ഞുവന്നിരുന്ന റിങ്കി കുമാരിയെ പിതാവ് രാജേന്ദ്ര പ്രസാദിനെ ഏൽപ്പിക്കുന്നു

കൊല്ലം : ഡൽഹി ഷഹദാര സ്വദേശിനി റിങ്കി കുമാരി എസ്.എസ് സമിതിയിൽ നിന്ന് സ്വന്തം നാടായ ഡൽഹിയിലേക്ക് യാത്രയായി. റിങ്കിയെ കൂട്ടിക്കൊണ്ടു പോകാൻ പിതാവ് രാജേന്ദ്ര പ്രസാദ് വർമ്മയ്ക്ക് പുറമേ ബന്ധുവായ നരേഷ്, ആസ്പയറിംഗ് ലൈവ്‌സ് മാനേജിംഗ് ട്രസ്റ്റി മനീഷ്, ചീഫ് കൺവീനർ ഫരിഹാ സുമൻ എന്നിവരും എത്തിയിരുന്നു. മാനസികനില തകരാറിലായി കിളികൊല്ലൂർ റയിൽവേ സ്റ്റേഷൻ പരിസരത്ത് അലഞ്ഞുനടക്കുന്ന അവസ്ഥയിൽ കണ്ടെത്തിയതോടെ കൊല്ലം സിറ്റി വനിതാ പൊലീസ് സെല്ലിലെ സിവിൽ പൊലീസ് ഓഫീസർമാരായ ബിസ്‌നി, രാജം എന്നിവരാണ് 28കാരിയും അവിവാഹിതയുമായ ഇവരെ 2020 ജനുവരി 28ന് എസ്.എസ് സമിതിയിലെത്തിച്ചത്. 2019 നവംബർ 29നാണ് ഇവരെ ഡൽഹിയിൽ നിന്ന് കാണാതാവുന്നത്. ഷഹദാര റെയിൽവേസ്റ്റേഷനിൽ നിന്ന് പല ട്രയിനുകൾ മാറിക്കയറിയാകാം കിളികൊല്ലൂർ സ്റ്റേഷനിലെത്തിയതെന്നാണ് നിഗമനം. എസ്.എസ് സമിതിയിലെ ചികിത്സാവിഭാഗത്തിന്റെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം കൊല്ലം ജില്ലാ ആശുപത്രിയിലും തുടർന്ന് രണ്ടാഴ്ച്ചക്കാലം പേരൂർക്കട സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലും ചികിത്സ നൽകിയിരുന്നു. ചികിത്സയ്ക്ക് ശേഷം റിങ്കി വളരെപ്പെട്ടെന്ന് എല്ലാവരുമായും അടുത്തു. തുടർന്ന് എസ്.എസ്. സമിതിയിൽ വളരെ സന്തോഷവതിയായാണ് കഴിഞ്ഞത്.
ഡൽഹിയിലെ വീടിനോട് ചേർന്ന് പച്ചക്കറിക്കട നടത്തിവരുകയാണ് പിതാവ് രാജേന്ദ്ര പ്രസാദ് വർമ്മയും മാതാവ് ചിന്താദേവിയും. ഏക സഹോദരി റൂബി നിർമ്മാണക്കമ്പനി ജീവനക്കാരിയാണ്. ചികിത്സയുടെ മെഡിക്കൽ റിപ്പോർട്ടുകൾ യാത്രഅയപ്പ് ചടങ്ങിൽ മാനേജിംഗ് ട്രസ്റ്റി ഫ്രാൻസിസ് സേവ്യർ റിങ്കിയുടെ പിതാവിന് കൈമാറി.