കരുനാഗപ്പള്ളി: പ്രതിഭാമരപ്പട്ടം അവാർഡ് ജേതാവ് വള്ളികുന്നം സ്വദേശി ചിപ്പി മോൾക്ക് ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി അവാർഡ് കൈമാറി. കായംകുളം ബിഷപ്പ് മൂർ സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ചിപ്പി നൃത്തം ചെയ്ത് കിട്ടുന്ന പണം നിർദ്ധനരായ കാൻസർ രോഗികൾക്ക് നൽകുകയാണ്. പന്ത്രണ്ട് വയസിനിടയിൽ ഇരുന്നൂറോളം വേദികളിൽ നൃത്തമാടി കിട്ടിയ പ്രതിഫലം വേദിയിൽവച്ച് തന്നെ രോഗികൾക്ക് നൽകുകയാണ് ചെയ്യുന്നത്. ഓട്ടോ ഡ്രൈവറായ പ്രദീപ് അച്ഛനും ചിത്ര അമ്മയും മണികണ്ഠൻ ഏക സഹോദരനുമാണ്. ചിപ്പിയുടെ വീട്ടിൽ നടന്ന ചടങ്ങിൽ വള്ളികുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ പത്തനാപുരം ഗാന്ധിഭവൻ ഡയറക്ടർ ഡോ. പുനലൂർ സോമരാജൻ മുഖ്യ പ്രഭാഷണം നടത്തി. എസ് .ഐ .ഇ .ടി ഡയറക്റ്റർ ബി .അബുരാജ് മുഖ്യ അതിഥിയായിരുന്നു. എസ്. രാജേഷ്, വാർഡ് അംഗം റഹിയാനത്ത്, പൊതു പ്രവർത്തകരായ അബ്ബാ മോഹൻ, ഷാജഹാൻ രാജധാനി,രാജീവ് രാജധാനി, പരിസ്ഥിതി പ്രവർത്തകരായ ശൂരനാട് രാധാകൃഷ്ണൻ, വിശ്രുതൻ ആചാരി, സാവിത്രി തുടങ്ങിയവർ സംസാരിച്ചു.