pho
വേനൽ രൂക്ഷമായതോടെ ഒറ്റക്കൽ തടയണ വഴി കല്ലട ആറ്റിലേക്ക് വെളളം ഒഴുക്കുന്നു

പുനലൂർ: കടുത്ത വേനൽ ,കിഴക്കൻ മലയോരം ചുട്ട് പൊള്ളുന്നു. ഒപ്പം വർദ്ധിച്ച് വരുന്ന കുടിവെള്ള ക്ഷാമവും. പുനലൂർ നഗരസഭാ അതിർത്തിയിലെ ആര്യങ്കാവ്, തെന്മല, കരവാളൂർ പഞ്ചായത്തുകളാണ് രൂക്ഷമായ ചൂടും കുടിവെള്ള ക്ഷാമവും നേരിടുന്നത്. നീരുറവകളും കിണറുകളും വറ്റി വരണ്ട് തുടങ്ങി. ചൂട് വർദ്ധിച്ചതോടെ കല്ലട ഇറിഗേഷന്റെ ഇടത്, വലത് കര കനാലുകൾ

വഴി ജല വിതരണം ആരംഭിച്ചിരുന്നു. ഇത് കൂടാതെ തെന്മല പരപ്പാർ അണക്കെട്ടിന്റെ ഡിസ്പേഴ്സറി വാൽവ് നേരത്തെ തുറന്നത് കാരണം ഒറ്റക്കൽ തടയണ വഴി കല്ലടയാറ്റിലൂടെയുള്ള വെള്ളമൊഴുക്കും വർദ്ധിപ്പിച്ചു. ഇത് കല്ലടയാറിന്റെയും രണ്ട് കനാലുകളുടെയും തീരത്ത് താമസിക്കുന്നവർക്ക് ആശ്വാസമായി.

36.07 ഡിഗ്രി ചൂട്

പാലക്കാട് കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത് പുനലൂരാണ്. കഴിഞ്ഞ ദിവസം 36.07 ഡിഗ്രി ചൂടാണ് അനുഭവപ്പെട്ടതെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ സമയത്ത് 35.85 ഡിഗ്രി ചൂടാണ് പുനലൂരിൽ രേഖപ്പെടുത്തിയത്.

ടാങ്കർ വെള്ളം തികയുന്നില്ല

പുനലൂർ നഗരസഭയിലെ 35 വാർഡുകളിലും കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്. രണ്ട് ടാങ്കറുകളിലായി ഒരു ദിവസം ഒരു ലക്ഷം ലിറ്റർ വെള്ളമാണ് വിതരണം ചെയ്യുന്നത്. എന്നാൽ ആ വെള്ളംകൊണ്ടൊന്നും ആവശ്യങ്ങൾ തീരില്ലെന്ന് നാട്ടുകാർ പറയുന്നു. .നഗരസഭയിലെ അഷ്ടമംഗലം, പരവട്ടം, ഹൈസ്കൂൾ, കോളേജ്, ചെമ്മന്തൂർ, കാഞ്ഞിരമല, കോമളംകുന്ന്,മുസാവരി,നേതാജി, ഭരണിക്കാവ് തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നത്.

വരാനിരിക്കുന്നു കൊടും വേനൽ

മുൻ വർഷങ്ങളിൽ വേനൽ മഴ ലഭിച്ചെങ്കിലും ഇത്തവണ മഴയുമില്ല. അടുത്ത മാസത്തോടെ വേനൽ അതിരൂക്ഷമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. കല്ലടയാറ്റിലെ ജന നിരപ്പ് താഴ്ന്നാൽ നഗരസഭയിലെ ജല വിതരണം മുടങ്ങുമോ എന്ന ആശങ്കയിലാണ് വാട്ടർ അതോറിട്ടി അധികൃതർ. ആറ്റിലെ വെള്ളം താഴ്ന്നാൽ പമ്പിംഗ് മുടങ്ങും. മുൻ വർഷങ്ങളിലും പമ്പിംഗ് മുടങ്ങിയത് കാരണം പട്ടണത്തിലെ ജലവിതരണം നിലച്ചിരുന്നു.