 
കുന്നിക്കോട് : ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷം വിളക്കുടി കുടുംബാരോഗ്യകേന്ദ്രം ബ്ലോക്ക്തല കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തി. പത്തനാപുരം സാമൂഹികാരോഗ്യകേന്ദ്രത്തെ താലൂക്ക് ആശുപത്രി പദവിയിലേക്ക് ഉയർത്തിയതിനെ തുടർന്നാണ് വിളക്കുടി ആശുപത്രിയെ ബ്ലോക്ക്തല കുടംബാരോഗ്യകേന്ദ്രമായി ഉയർത്തിയത്.സാമൂഹികാരോഗ്യകേന്ദ്രങ്ങങ്ങളായിരുന്ന സംസ്ഥാനത്തെ 76 ആശുപത്രികളും ജില്ലയിലെ 5 ആശുപത്രികളും ബ്ലോക്ക്തല കുടുംബാരോഗ്യകേന്ദ്രങ്ങളാക്കിയ കൂട്ടത്തിലാണ് വിളക്കുടി ആശുപത്രിയെയും ഉൾപ്പെടുത്തിയത്.
അടുത്ത മാസം ഉദ്ഘാടനം
അടുത്ത മാസം ഉദ്ഘാടനം നടത്താൻ തീരുമാനിച്ചിരിക്കുന്ന ആശുപത്രിയുടെ പുതിയ ബഹുനില കെട്ടിടത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. കെ.ബി.ഗണേശ് കുമാർ എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് നിർമ്മിക്കുന്നത്. വർഷങ്ങളായുള്ള ജനങ്ങളുടെ 'കിടത്തി ചികിത്സ' എന്ന ആവശ്യം പുതിയ കെട്ടിടം വരുന്നതോടെ സഫലമാകും. കൂടുതൽ തസ്തികകളും സൗകര്യങ്ങളുമൊരുക്കുമെന്ന സൂചനയുമുണ്ട്. കൊല്ലം-തിരുമംഗലം ദേശീയ പാതയോരത്ത് കൊട്ടാരക്കരയ്ക്കും പുനലൂരിനും മദ്ധ്യേയുള്ള ഏക സർക്കാർ ആശുപത്രിയാണ് വിളക്കുടിയിലുള്ളത്. കിടത്തി ചികിത്സ പുനസ്ഥാപിച്ചാൽ സമീപ പഞ്ചായത്തുകളായ മേലില, വെട്ടിക്കവല, തലവൂർ, പട്ടാഴി എന്നിവിടങ്ങളിലെ രോഗികൾക്കും ദേശീയപാത യാത്രികർക്കും ചികിത്സ തേടാൻ കഴിയും.പദവി ഉയർത്തലും കിടത്തി ചികിത്സയും വേണമെന്നും പണി പൂർത്തീകരിക്കാതെ ഉദ്ഘാടനത്തിന് ഒരുങ്ങുന്നതും ചൂണ്ടിക്കാട്ടി 'കേരളകൗമുദി' വാർത്ത നൽകിയിരുന്നു.