anakotoor
ആനക്കോട്ടൂർ ഭാഗത്ത് കുന്നിടിച്ച് മണ്ണെടുക്കുന്നു

കൊട്ടാരക്കര: താലൂക്കിൽ അനധികൃത കുന്നിടിക്കലും മണ്ണെടുപ്പും വ്യാപകം. റവന്യൂ അധികൃതരുടെയും ജിയോളജി ഉദ്യോഗസ്ഥരുടെയും മൗനാനുവാദത്തോടെയാണ് മണ്ണു കടത്ത് വ്യാപകമാകുന്നതെന്ന് നാട്ടുകാർ പറയുന്നു.നെടുവത്തൂർ കുറുമ്പാലൂർ, ആനക്കോട്ടൂർ, തേവലപ്പുറം, നെല്ലിക്കുന്നം കൊച്ചാലുംമൂ‌ട്, ഓടനാവട്ടം തുടങ്ങിയ പ്രദേശങ്ങളിലാണ് മണ്ണെടുപ്പ് കൂടുന്നത്.

അധികൃതരുടെ അനുവാദത്തോടെ

ആനക്കോട്ടൂർ സ്കൂൾ ജംഗ്ഷനിൽ മാന്താനത്ത് തോടിന് സമീപം വർഷങ്ങളായി മണ്ണ് മാഫിയയുടെ ചൂഷണമുണ്ട്. നിലവിലുണ്ടായിരുന്ന തോടിന്റെ നീരൊഴുക്ക് തടസപ്പെടും എന്ന പരാതി ഉണ്ടായിട്ടും നടപടിയുണ്ടായില്ല. പഞ്ചായത്ത് റോഡ് തകർന്നതിനെ നാട്ടുകാർ എതിർത്തെങ്കിലും വാഗ്ദാനങ്ങൾ നൽകി പ്രതിഷേധക്കാരെ നിശബ്ദരാക്കുകയായിരുന്നു. റവന്യു അധികൃതരോ, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരോ സ്ഥലം സന്ദർശിക്കാതെയാണ് മണ്ണെടുക്കാൻ അനുവാദം നൽകിയിരിക്കുന്നത്.

കടുത്ത പ്രതിഷേധം

പരിസ്ഥിതി പ്രശ്നങ്ങളും കുടിവെള്ള പ്രശ്നവും രൂക്ഷമാകുമ്പോഴും അധികൃതർ കാട്ടുന്ന അനാസ്ഥയിൽ പ്രദേശവാസികൾ കടുത്ത പ്രതിഷേധത്തിലാണ്. മണ്ണെടുപ്പ് സമീപത്തെ കിണറുകളും കുളങ്ങളും തോടുകളും വറ്റാൻ ഇടയാക്കുമെന്നും കുടിവെള്ളം പ്രദേശവാസികൾക്ക് കിട്ടാക്കനിയായി മാറുമെന്നും നാട്ടുകാർ ഭയപ്പെടുന്നു. എട്ടും പത്തും ടിപ്പർ ലോറികളാണ് നിത്യേന ഇവിടെ മണ്ണെടുക്കുന്നത്.പത്തും അൻപതും അടി ഉയരമുള്ള മലകൾ ഇടിച്ച് വയൽ നിരപ്പിലാക്കിയാണ് മണ്ണെടുപ്പ് നടത്തുന്നത്.ചില ഭാഗത്ത് തോടുകളും വയലും ഈ മണ്ണിട്ട് മൂടുന്നുമുണ്ട്.