c
അപകടത്തിൽ തകർന്ന ആംബുലൻസ്

കുണ്ടറ: കുണ്ടറ പള്ളിമുക്കിലെ ദേശീയപാതയിൽ രോഗിയുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. നേരത്തേയുണ്ടായ ബൈക്കപടത്തിൽ പരിക്കേറ്റ് ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന വെണ്ടാർ വടക്കേടത്ത് വീട്ടിൽ വിഷ്ണു (22), മാവടി കൊച്ചുവീട് തെക്കേക്കര കൊച്ചുവീട്ടിൽ ശ്യാംദേവ് (22), വെണ്ടാർ ചരുവിള പുത്തൻവീട്ടിൽ ഹരി (21), കൊട്ടാരക്കര കിഴക്കേക്കര ഉണ്ണിക്കുട്ടൻ (27), വെണ്ടാർ തിരുവോണത്തിൽ വിഷ്ണു (22), വെണ്ടാർ തിരുവോണത്തിൽ വിദ്യാധരൻ (53), വെണ്ടാർ സ്വദേശി മോഹൻകുമാർ (56) എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. ഇതിൽ വിഷ്ണുവിനെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡി. കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിന്റെ ഡ്രൈവർ കുറ്റാലം സ്വദേശി ചന്ദ്രൻ, കുണ്ടറ ലിറ്റിൽഫ്ളവർ സ്കൂളിലെ വിദ്യാർത്ഥിനി മേഘ്ന എന്നിവർക്ക് നിസാര പരിക്കേറ്റു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ബൈക്കപകടത്തിൽ പരിക്കേറ്റ വിഷ്ണുവിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നിന്ന് കാെല്ലം ജില്ലാ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുംവഴിയാണ് അപകടമുണ്ടായത്. പള്ളിമുക്കിന് സമീപത്തായി എതിർ ദിശയിൽ നിന്നെത്തിയ മാരുതി കാറിലേക്ക് ആംബുലൻസ് ഇടിച്ചുകയറുകയായിരുന്നു. നിയന്ത്രണം വിട്ട് മറിഞ്ഞ ആംബുലൻസ് റോഡരികിലെ മൂന്ന് സ്കൂട്ടറുകൾക്ക് മുകളിലേക്കാണ് വീണത്. സ്കൂളിൽ നിന്ന് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന മേഘ്നയുടെ ദേഹത്തേക്ക് വാഹനത്തിന്റെ ചീളുകൾ തെറിച്ചുവീണാണ് കാൽവിരലുകൾക്ക് പരിക്കേറ്റത്. ഓടിക്കൂടിയവർ ആംബുലൻസും കാറും വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചത്. കുണ്ടറ പൊലീസും ഫയർഫോഴ്സും എത്തി തുടർ നടപടികൾ സ്വീകരിച്ചു.