
കരുനാഗപ്പള്ളി: നഗരസഭയുടെ പരിധിയിൽ വരുന്ന ടൗണിലും സമീപ പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിക്കുന്നതായി നാട്ടുകാരുടെ പരാതി. രാപ്പകൽ ഭേദമന്യേ റോഡുകളും പൊതു സ്ഥലങ്ങളും തെരുവ് നായ്ക്കൾ കൈയടക്കുകയാണ്. പ്രഭാത സവാരിക്കാരാണ് ഏറെ വലയുന്നത്. വീടുകളുടെ വളരെ ഉയരത്തിലുള്ള മതിലുകൾ പോലും കൂട്ടത്തോടെ ചാടിക്കടന്ന് കോഴികളെയും ആട്ടിൻകുട്ടികളെയും നായ്ക്കൾ ആക്രമിക്കുന്നത് പതിവ് സംഭവമാണെന്ന് നാട്ടുകാർ പറയുന്നു. വീടുകളിൽ കെട്ടിയിട്ട് വളർത്തുന്ന നായ്ക്കളെയും ഇവറ്റകൾ ആക്രമിക്കാറുണ്ട്. രാത്രി കാലങ്ങളിൽ തെരുവ് നായ്ക്കളെ ഭയന്ന് വീട്ടുകാർക്ക് പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ്.
റോഡുവക്കിൽ മാലിന്യനിക്ഷേപം
റോഡുകളുടെ വശങ്ങളിൽ നിക്ഷേപിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളാണ് തെരുവ് നായ്ക്കളുടെ പ്രധാന ആഹാരം. ടൗണിലെ ഹോട്ടലുകളിൽ നിന്നുള്ള ആഹാരത്തിന്റെ അവശിഷ്ടങ്ങൾ പ്ലാസ്റ്റിക് കവറുകളിൽ കെട്ടി രാത്രിയുടെ മറവിൽ റോഡുകളുടെ വശങ്ങളിലാണ് നിക്ഷേപിക്കുന്നത്. അപൂർവം ചില വീട്ടുകാരും ഇത്തരത്തിൽ റോഡുവക്കിൽ മാലിന്യനിക്ഷേപം നടത്തുന്നുണ്ട്. ഇത് തടയാൻ നഗരസഭാ അധികൃതർ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വന്ധ്യംകരണം
തെരുവ് നായ്ക്കളുടെ ശല്യം അവസാനിപ്പിക്കാൻ നഗരസഭാ അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തെരുവ് നായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തി തിരികെ വിടാനുള്ള പ്രവർത്തനം കരുനാഗപ്പള്ളി നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. താമസിക്കാതെ എല്ലാ ഡിവിഷനുകളിലും വന്ധ്യംകരണം വ്യാപകമാക്കുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.