
ആലപ്പാട് പുതിയ സ്റ്റേഷന് ശുപാർശ
കൊല്ലം: കരുനാഗപ്പള്ളി ആലപ്പാട് കേന്ദ്രീകരിച്ച് പുതിയ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ആരംഭിക്കുന്നത് സംബന്ധിച്ച് പൊലീസ് ഹെഡ് ക്വാട്ടേഴ്സിൽ നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ശുപാർശ നൽകി. പുതിയ സ്റ്റേഷൻ അനുവദിച്ചാൽ കടൽരക്ഷാ പ്രവർത്തനങ്ങൾ വേഗത്തിലാകുന്നതിനൊപ്പം ജില്ലയിലെ തീരസുരക്ഷയും കൂടുതൽ ഉറപ്പാകും.
തീരദേശ ജനസംഖ്യ, തന്ത്രപ്രധാനമായ സ്ഥാപനങ്ങളുടെ സാന്നിദ്ധ്യം, ലാൻഡിംഗ് പോയിന്റ്, വിനോദ സഞ്ചാരികളുടെ സന്ദർശനം, സംഘർഷ സാദ്ധ്യത എന്നിവയാണ് പുതിയ കോസ്റ്റൽ സ്റ്റേഷനുകൾ അനുവദിക്കുന്നതിനുള്ള മാനദണ്ഡം. ഈ കാരണങ്ങളാണ് ആലപ്പാട് മേഖലയിൽ കോസ്റ്റൽ സ്റ്റേഷൻ അനിവാര്യമാക്കിയത്. തീവ്രവാദികൾ കടൽ വഴി എത്താൻ സാദ്ധ്യതയുള്ളതിനാൽ തീരദേശം കേന്ദ്രീകരിച്ച് നിരീക്ഷണവും സുരക്ഷയും കൂടുതൽ ശക്തമാക്കണമെന്ന് നേരത്തെ കേന്ദ്ര നിർദ്ദേശമുണ്ട്.
ജില്ലയിലെ തീരദേശത്ത് കൊല്ലം പോർട്ട്, ഐ.ആർ.ഇ, കെ.എം.എം.എൽ, നീണ്ടകര, ശക്തികുളങ്ങര ഹാർബറുകൾ, നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവയ്ക്ക് പുറമേ 22 ചെറിയ ഫിഷ് ലാൻഡിംഗ് സെന്ററുകളുമുണ്ട്. ഇത്രയും പ്രദേശത്തിന്റെയും നിയന്ത്രണ ചുമതല നിലവിൽ നീണ്ടകര പൊലീസ് സ്റ്റേഷനാണ്. ആലപ്പാട് പുതിയ കോസ്റ്റൽ സ്റ്റേഷൻ വന്നാൽ ജില്ലയിലെ തീരദേശ മേഖലയുടെ സുരക്ഷാ ചുമതല രണ്ടായി വിഭജിക്കപ്പെടും. ഈ മേഖലയിലെ തീരക്കടലിൽ മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ടാൽ കോസ്റ്റൽ പൊലീസിന് വേഗത്തിൽ എത്താനും കഴിയും.
നടപ്പാവാതെ ഇരവിപുരം കോസ്റ്റൽ സ്റ്റേഷൻ
ഇരവിപുരത്ത് പുതിയ കോസ്റ്റൽ സ്റ്റേഷന് വർഷങ്ങൾക്ക് മുൻപേ അനുമതി ലഭിച്ചിരുന്നു. പക്ഷെ സ്റ്രേഷൻ ആരംഭിക്കുന്നതിന് താത്കാലിക കെട്ടിടം പോലും സംഘടിപ്പിക്കാനായില്ല. ആലപ്പാട് കേന്ദ്രീകരിച്ച് പുതിയ സ്റ്രേഷൻ വന്നാൽ ഇരവിപുരത്തേത് ഉപേക്ഷിക്കാനാണ് സാദ്ധ്യത.
ജില്ലയിലെ തീരദേശം: 67 കിലോ മീറ്റർ
ഫിഷ് ലാൻഡിംഗ് സെന്ററുകൾ: 22
''
ആലപ്പാട് പുതിയ കോസ്റ്റൽ സ്റ്റേഷൻ ആരംഭിക്കുന്നത് സംബന്ധിച്ച് പൊലീസ് ഹെഡ് ക്വാർട്ടേഴ്സിൽ നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ശുപാർശ നൽകിയിട്ടുണ്ട്. കേന്ദ്രത്തിൽ നിന്നാണ് അനുമതി ലഭിക്കേണ്ടത്.
പി. വിജയൻ
കോസ്റ്റൽ എ.ഡി.ജി.പി ഇൻ ചാർജ്