water-treatment

 തുടക്കമിട്ടത് 35 വർഷത്തിന് മുൻപ്

 പദ്ധതി പൂർത്തിയാക്കാൻ 93.61 കോടി രൂപ

കൊല്ലം: വീടുകളിൽ നിന്നുള്ള മലിനജലം കുരീപ്പുഴയിലെ ട്രീറ്റ്മെന്റ് പ്ലാന്റിലെത്തിച്ച് സംസ്കരിക്കാനുള്ള ഭൂഗർഭ ഓട പദ്ധതി നഗരസഭ പുനരാരംഭിക്കുന്നു. 35 വർഷം മുൻപ് തുടക്കമിട്ട പദ്ധതിയുടെ ശേഷിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ 93.61 കോടി രൂപ ചെലവിലാകും പൂർത്തിയാക്കുക.

ആശ്രാമം, തങ്കശേരി, കന്റോൺമെന്റ്, കച്ചേരി, വാടി, പള്ളിത്തോട്ടം, താമരക്കുളം മേഖലകൾ ഉൾപ്പെടുന്ന പത്ത് നഗരസഭാ ഡിവിഷനുകളിലെ വീടുകളിൽ നിന്നുള്ള മലിനജലമാകും കുരീപ്പുഴയിലെത്തിക്കുക. വീടുകളിൽ നിന്ന് ചെറിയ പൈപ്പുകൾ വഴി മലിനജലം പ്രധാന റോഡുകളിൽ സ്ഥാപിക്കുന്ന വലിയ പൈപ്പുകളിലേക്കും അവിടെ നിന്ന് പമ്പിംഗ് സ്റ്റേഷനുകളിലുമെത്തും. തുടർന്ന് പമ്പ് ചെയ്താണ് കുരീപ്പുഴയിലെ ട്രീറ്റ്മെന്റ് പ്ലാന്റിലെത്തിക്കുക.

ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ച കക്കൂസ് മാലിന്യ പ്ലാന്റുകളുടെ നിർമ്മാണത്തിനായി അമൃത് പദ്ധതിയിൽ നിന്ന് നീക്കിവച്ച 53.54 കോടി രൂപ പുതിയ പദ്ധതിക്കായി ഉപയോഗിക്കും. അധികമായി വേണ്ടിവരുന്ന 40.07 കോടി രൂപ നഗരസഭയുടെ പദ്ധതി വിഹിതത്തിൽ നിന്ന് നീക്കിവയ്ക്കാനാണ് ആലോചന.

 ശേഷിക്കുന്ന പണികൾ

പ്രധാന റോഡുകളിലെ വലിയ പൈപ്പ്ലൈനിന് 48 കിലോമീറ്റർ നീളമുണ്ട്. ഇതിൽ 35 വർഷം മുൻപ് ഇട്ടതടക്കം 33 ശതമാനത്തോളം ഇതുവരെ സ്ഥാപിച്ച് കഴിഞ്ഞു. ആകെയുള്ള ആറ് പമ്പിംഗ് സ്റ്റേഷനുകളിൽ നാലെണ്ണം ഭാഗികമായി പൂർത്തിയായിട്ടുണ്ട്. വീടുകളിൽ നിന്നുള്ള ചെറിയ പൈപ്പ്ലൈൻ, ശേഷിക്കുന്ന വലിയ പൈപ്പ്ലൈൻ സ്ഥാപിക്കൽ, നാല് പമ്പിംഗ് സ്റ്റേഷനുകളുടെ പൂർത്തീകരണം, പുതിയ രണ്ടെണ്ണത്തിന്റെ നിർമ്മാണം എന്നിവയാണ് ഇനിയുള്ളത്.

 ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മാണം; ഒരുക്കം തുടങ്ങി

മലിനജലം സംസ്കരിക്കാൻ കുരീപ്പുഴ ചണ്ടി ഡിപ്പോ പ്രദേശത്ത് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. ഇതിനായുള്ള ഭൂമി നിർവഹണ ഏജൻസിയായ ജല അതോറിറ്റി ഏറ്റെടുത്ത് നിർമ്മാണ കമ്പനിക്ക് കൈമാറി. നിർമ്മാണത്തിന് മുന്നോടിയായി ഈ ഭാഗത്തെ മരങ്ങൾ ഉടൻ മുറിച്ചുനീക്കും. 31.92 കോടി ചെലവിലാണ് പ്ലാന്റ് സ്ഥാപിക്കുക.