
പുറത്തുനിന്ന് വാങ്ങി മടുത്ത് ജനം
കൊല്ലം: കൊവിഡ് ആശങ്ക തുടരുമ്പോഴും ജില്ലാ ആശുപത്രിയിൽ പ്രതിരോധമരുന്ന് ക്ഷാമം. മെഡിക്കൽ സർവീസ് കോർപ്പറേഷൻ മാസങ്ങളായി ആവശ്യത്തിന് മരുന്ന് നൽകാത്തതാണ് കാരണം. പലപ്പോഴും പ്രാദേശികമായി വാങ്ങിയാണ് രോഗികൾക്ക് വിതരണം ചെയ്യുന്നത്.
വൈറ്റമിൻ -സി, സിങ്ക് എന്നീ മരുന്നുകളാണ് രോഗികൾക്ക് നൽകുന്നത്. പ്രതിരോധ ശേഷി കൂട്ടുന്നതിനാണ് ഈ മരുന്നുകൾ കഴിക്കുന്നത്. ഒ.പിയിലെത്തുന്ന കൊവിഡ് രോഗികളോടും പുറത്തുനിന്ന് വാങ്ങാനാണ് നിർദേശിക്കുന്നത്. കിടത്തി ചികിത്സയിലുള്ളവർക്ക് മാത്രമാണ് മരുന്ന് നൽകുന്നത്.
കൊവിഡ് നെഗറ്റീവാകുന്നവർക്ക് നേരത്തെ ഡിസ്ചാർജ് ചെയ്യുമ്പോൾ പ്രതിരോധ ഗുളികകൾ നൽകിയിരുന്നു. എന്നാലിപ്പോൾ ഇവ പുറത്ത് നിന്ന് വാങ്ങാണ് നിർദ്ദേശം. കിടത്തി ചികിത്സയിലുള്ളവർക്ക് നൽകാനും മരുന്ന് തികയാത്ത അവസ്ഥയാണ്. പ്രാദേശികമായി വാങ്ങിയാണ് ആവശ്യം നിറവേറ്റുന്നത്.
ഫണ്ട് കുറവ്
കൊവിഡ് വാക്‌സിൻ വന്നെങ്കിലും ഗുളികയുടെ ആവശ്യം കുറഞ്ഞിട്ടില്ല. ആശുപത്രി വികസന മാനേജ്മെന്റ് കമ്മിറ്റി യോഗം ചേർന്ന് മരുന്ന് കമ്പനികളിൽ നിന്ന് ടെണ്ടറിലൂടെ മരുന്ന് വാങ്ങാമെങ്കിലും ഫണ്ട് കുറവായതിനാൽ വളരെ കുറച്ചേ വാങ്ങാറുള്ളു.
ആഴ്ചയിൽ വേണ്ടത്:
10,000 ലേറെ ഗുളികകൾ
''കിടത്തി ചികിത്സ വേണ്ടിവരുന്നവർക്ക് കൊടുക്കാനുള്ള ചില മരുന്നുകൾ ഇപ്പോൾ മെഡിക്കൽ സർവീസ് കോർപ്പറേഷൻ വിതരണം ചെയ്യാത്തതിനാൽ നിയമപ്രകാരം ലോക്കൽ പർച്ചേസാണ് നടത്തുന്നത്.
വസന്തദാസ്
സൂപ്രണ്ട് ജില്ലാ ആശുപത്രി