കൊല്ലം: ആഴക്കടൽ മത്സ്യബന്ധന വ്യവസായവുമായി ബന്ധപ്പെട്ട് സർക്കാർ നടത്തിയ എല്ലാ ഇടപാടുകളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഉപവാസ സമരത്തിന് അഭിവാദ്യം അർപ്പിച്ചും മന്ത്രി മേഴ്സിക്കുട്ടിഅമ്മ രാജിവയ്ക്കക്കണമെന്ന് ആവശ്യപ്പെട്ടും കെ.പി.സി.സി ഒ.ബി.സി വിഭാഗം മാർച്ചും ധർണയും നടത്തി.
മേഴ്‌സിക്കുട്ടി അമ്മ മത്സ്യത്തൊഴിലാളികളെയും കശുഅണ്ടി തൊഴിലാളികളെയും വഞ്ചിച്ചുവെന്ന് ധർണ ഉദ്ഘാടനം ചെയ്ത് കെ.പി.സി.സി സെക്രട്ടറി പി. ജർമിയാസ് പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ കുത്തക മുതലാളിമാരുടെ അപ്പോസ്തലന്മാരായി മാറിയിരിക്കുകയാണെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ഒ.ബി.സി ജില്ലാ ചെയർമാൻ അഡ്വ. എസ്. ഷേണാജി പറഞ്ഞു. പ്രതിപക്ഷ നേതാവ് ഇടപെട്ടില്ലായിരുന്നെങ്കിൽ എൽ.ഡി.എഫ് സർക്കാർ ആഴക്കടലാകെ അമേരിക്കൻ കുത്തക കമ്പിനിക്ക് തീറെഴുതിയാനെ. മത്സ്യത്തൊഴിലാളികളെയാകെ നാശത്തിലേക്ക് നയിക്കുന്ന നീക്കത്തിനാണ് കോൺഗ്രസ് തടയിട്ടത്.
പ്രതിപക്ഷ നേതാവിന്റെ എല്ലാ ആരോപണങ്ങളും ശരിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ആഴക്കടൽ മത്സ്യബന്ധന കരാർ. ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ രാജിവയ്ക്കണം. ഭരണം ഉപയോഗിച്ച് എങ്ങനെ കോടികൾ സമ്പാദിക്കാമെന്ന് മന്ത്രിമാർ ഗവേഷണം നടത്തുകയാണെന്നും ഷേണാജി പറഞ്ഞു.
ഡി.സി.സി ജനറൽ സെക്രട്ടറി കോലത്ത് വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. ശക്തികുളങ്ങര കുരിശടി മുക്കിൽ നിന്ന് ആരംഭിച്ച പ്രകടനം നീണ്ടകര ഫിഷിംഗ് ഹാർബറിന് മുൻവശമെത്തി ധർണ നടത്തി. ചവറ ഗോപകുമാർ, സുമ സുനിൽകുമാർ, നജീബ് പുത്തൻകട, ബൈജു പുരുഷോത്തമൻ, കണ്ടച്ചിറ യേശുദാസ്, മോഹൻ തഴവ, ചിത്രസേനൻ, ദമീം മുട്ടക്കാവ്. കാട്ടിൽ ബാബു, എസ്.എഫ്. യേശുദാസ്, അബ്ദുൽ വഹാബ്, ബിജു എന്നിവർ സംസാരിച്ചു. പ്രകടനത്തിന് കെ.ജെ. യേശുദാസ്. ആൻസിൽ പൊയ്ക, രതീഷ്, ശരത്ചന്ദ്രൻ, നെപ്പോളിയൻ, ആന്റണി, അനിൽകുമാർ, സണ്ണി ലോറൻസ്, സമ്മീർ, സുനിൽകുമാർ, രാജു എന്നിവർ നേതൃത്വം നൽകി.