c

ഓച്ചിറ: കുടിവെള്ള ക്ഷാമത്തിൽ നട്ടംതിരിയുന്ന ആലപ്പാട് പഞ്ചായത്തിലെ ശുദ്ധജലലഭ്യത ഉറപ്പുവരുത്താൻ നടപടിയുമായി ആലപ്പാട് പഞ്ചായത്ത് ഭരണ സമിതി. കുടിവെള്ള പദ്ധതിക്കായി പഞ്ചായത്ത് ഭരണസമിതി 40 ലക്ഷം രൂപയാണ് ബഡ്ജറ്റിൽ വകയിരുത്തിയത്. ഓച്ചിറ കുടിവെള്ള പദ്ധതി ആരംഭിക്കുന്നതിന് മുൻപുവരെ സുലഭമായി വെള്ളം ലഭിച്ചിരുന്നവരാണ് ആലപ്പാട് നിവാസികൾ. എല്ലാ തുറകളിലും കുഴൽക്കിണറുകളും ഓവർ ഹെഡ് ടാങ്കുകളുമു ണ്ടായിരുന്നു. ഓച്ചിറ കുടിവെളള പദ്ധതി ആരംഭിച്ചപ്പോൾ ഘട്ടംഘട്ടമായി കുഴൽക്കിണറുകൾ ഉപയോഗശൂന്യമായി മാറുകയായിരുന്നു. ആലപ്പാടിന് വേണ്ടി സുനാമി ഫണ്ടുപയോഗിച്ച് വിഭാവനം ചെയ്ത പദ്ധതി നടപ്പിലായപ്പോൾ ആലപ്പാട്ടുകാരുടെ കുടിവെള്ളം മുട്ടിയ അവസ്ഥയായി. ദീർഘ വീക്ഷണമില്ലാതെ തയ്യാറാക്കിയ പദ്ധതിയും അപ്രായോഗികമായ നിർമ്മാണ പ്രവർത്തനങ്ങളുമാണ് ഓച്ചിറ കുടിവെള്ള പദ്ധതി പരാജയപ്പെടുന്നതിന് കാരണമായത്. തുടർന്ന് ഈ പദ്ധതിയുടെ പേര് പറഞ്ഞ് ആലപ്പാടിലെ കുഴൽ കിണറുകൾ ഒന്നൊന്നായി പൂട്ടാൻ തുടങ്ങി. അതോടെ കണ്ടിയൂർ കടവിലെ പമ്പിംഗിനെ ആശ്രയിച്ച് മാത്രമായി ആലപ്പാടിലെ കുടിവെളള ലഭ്യത. ഈ പ്രശ്നം പരിഹരിക്കുന്നതിനായി പദ്ധതി വിഭാവനം ചെയ്തെങ്കിലും പല കാരണങ്ങളാൽ നാളിതുവരെ ഒന്നും നടന്നില്ല.

ഇത് മുന്നിൽ കണ്ടാണ് പഞ്ചായത്ത് ഭരണസമിതി കുടിവെള്ള പദ്ധതിക്കായി 40 ലക്ഷം രൂപ വകയിരുത്തിയത്.

കുഴൽ കിണറുകൾ സ്ഥാപിക്കും

അഴീക്കൽ പൂക്കോട്ട് പമ്പ് ഹൗസ് ശ്രായിക്കാട് ക്ഷേത്രത്തിന് കിഴക്കുവശം, ചെറിയഴീക്കൽ ക്ഷേത്രത്തിന് മുൻവശം എന്നിവിടങ്ങളിൽ പുതിയ കുഴൽ കിണറുകൾ സ്ഥാപിക്കാൻ വാട്ടർ അതോറിറ്റി വഴി നടപടികളായി. ഇതിനോടൊപ്പം കുഴിത്തുറയിൽ സ്ഥാപിച്ചിരിക്കുന്ന കുഴൽ കിണറിന്റെ മോട്ടോർ മാറ്റി സ്ഥാപിക്കുന്നതിനും നടപടിയെടുത്തിട്ടുണ്ട്. പദ്ധതികൾ പൂർത്തിയാകുന്നതോടെ ഇപ്പോൾ നേരിടുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുമെന്നും പഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ്, ടി. ഷൈമ എന്നിവർ പറഞ്ഞു.