 
അഞ്ചൽ: അഞ്ചൽ പ്രദേശത്ത് അടുത്തിടെയുണ്ടായ മോഷണക്കേസുകളുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഒരാൾ പിടിയിലായി. വാമനപുരം പൂപ്പുറം വി.ബി ഭവനിൽ ബാഹുലേയൻ (60) ആണ് കഴിഞ്ഞ ദിവസം അഞ്ചൽ പൊലീസിന്റെ പിടിയിലായത്. ഏതാനും ദിവസം മുമ്പ് കുരുവിക്കോണം ശ്രീഭദ്ര നാഗരാജ ക്ഷേത്രത്തിൽ നടന്ന കാണിയ്ക്കവഞ്ചി മോഷണക്കേസുമായി ബന്ധപ്പെട്ട് നടത്തിയ തെളിവെടുപ്പിൽ ലഭിച്ച വിരലടയാളത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബാഹുലേയൻ പാലോടുള്ള സ്ത്രീ സുഹൃത്തിന്റെ വീട്ടിൽ നിന്ന് പിടിയിലായത്. പുനലൂർ മണിയാർ ഭാഗത്തുള്ള ഒരു വീട്ടിൽ നിന്ന് മോഷ്ടിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. മോഷണം നടന്ന ഏതാനും സ്ഥലങ്ങളിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. മേഖലയിൽ നടന്ന മറ്റ് മോഷണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.