photo
ഗുണ്ടാ സംഘം അടിച്ച് തകർത്ത ഷെഫീക്കിന്റെ വീടിന്റെ ജന്നൽപ്പാളികൾ

കരുനാഗപ്പള്ളി : ബൈക്കിലെത്തിയ ഗുണ്ടാ സംഘം ഡി.വൈ.എഫ്.ഐ നേതാവിന്റെ വീട് ആക്രമിച്ചു. ഡി.വൈ.എഫ്.ഐ കരുനാഗപ്പള്ളി ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയും സി.പി.എം കരുനാഗപ്പള്ളി ലോക്കൽ കമ്മിറ്റി അംഗവുമായ ഷെഫീക്കിന്റെ നമ്പരുവികാലയിലുള്ള വീടിന് നേരെയാണ് കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ ആക്രമണമുണ്ടായത്. അക്രമി സംഘം ഗേറ്റും ജന്നൽ ഗ്ലാസുകളും അടിച്ച് തകർക്കുകയും മാരകായുധങ്ങളുമായി വീടിന്റെ കതക് തല്ലിപ്പൊളിക്കാൻ ശ്രമിക്കുകയും ചെയ്തു. വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബുള്ളറ്റും തകർത്തു. ബഹളം കേട്ട് അയവാസികൾ ഇറങ്ങിയതോടെ ഇവ‌ർ ഒാടി രക്ഷപ്പെട്ടു. ഇവർ വന്ന രണ്ട് ബൈക്കുകളും ഒരു മൊബൈൽ ഫോണും സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്തു. കരുനാഗപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പ്രതിഷേധം

ആക്രമണത്തിൽ പ്രതിഷേധിച്ച് സി.പി.എം നമ്പരുവികാല അമ്പാടി ജംഗ്ഷനിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. സി.പി.എം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി അംഗം ക്ലാപ്പന സുരേഷ് യോഗം ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു അദ്ധ്യക്ഷനായി. ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി. സജീവൻ, പ്രവീൺ മനയ്ക്കൽ, അലക്സ്, മുരളീധരൻ പിള്ള, ആർ. ശശികുമാർ, ലാലി, ശ്രീജിത്ത്,​ ഗോപിദാസ്, അജ്മൽ എന്നിവർ സംസാരിച്ചു.