
കൊല്ലം: ഹയർ സെക്കൻഡറി വിഭാഗത്തിൽ നാഷണൽ സർവീസ് സ്കീം ഡയറക്ടറേറ്റിനും മികച്ച പ്രോഗ്രാം കോ ഓർഡിനേറ്റർക്കുമുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ഡോ. ജേക്കബ് ജോണിന്. കൊല്ലം കരീപ്ര സ്വദേശിയായ ഇദ്ദേഹം സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവുകൂടിയാണ്.
പ്രളയകാലത്ത് നടപ്പാക്കിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ, എൻ.എസ്.എസ് യൂണിറ്റുകൾ വഴി നിർമ്മിച്ച 330 ൽപരം വീടുകൾ, കൊവിഡ് പ്രതിരോധത്തിന് വിദ്യാർത്ഥികൾ തയ്യാറാക്കി വിതരണം ചെയ്ത 12 ലക്ഷത്തിൽ പരം മാസ്കുകൾ, കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് കേന്ദ്രങ്ങളിൽ നൽകിയ സഹായങ്ങൾ, വിദ്യാർത്ഥികളിൽ വായനാശീലം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കിയ അക്ഷരദീപം പ്രവർത്തനങ്ങൾ, ലിംഗനീതിയുടെ ആശയം യുവാക്കളിലെത്തിക്കാൻ രൂപംനൽകിയ 'സമദർശൻ' കാമ്പയിൻ, പ്രാഥമിക വിദ്യാലയങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ, രക്തദാന രംഗത്തെ പ്രവർത്തനങ്ങൾ, മുതലായവയാണ് പുരസ്കാരത്തിന് അർഹനാക്കിയത്.