കൊല്ലം: ചർച്ച ചെയ്ത് അവസാനിപ്പിക്കാവുന്ന ഉദ്യോഗാർത്ഥികളുടെ സമരം നീണ്ടത് റാങ്ക് ഹോൾഡർ നേതൃത്വത്തിലുള്ള ചിലരുടെ രാഷ്ട്രീയ അജണ്ടയെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം പറഞ്ഞു. 'കള്ളം പറയുന്ന പ്രതിപക്ഷം, സത്യം പറയുന്ന പി.എസ്.സി കണക്കുകൾ' എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി കൊല്ലം ചിന്നക്കടയിൽ സംഘടിപ്പിച്ച യുവജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്ന് നൂറുകണക്കിന് യുവാക്കൾ പ്രകടനമായാണ് സംഗമ വേദിയിലേക്കെത്തിയത്. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് ശ്യാം മോഹൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ചിന്ത ജെറോം, ജില്ലാ ട്രഷറർ കെ. പ്രദീപ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എസ്. ബിനു, എൽ. അനിത, ജില്ലാ ജോയിന്റ് സെക്രട്ടറി പി.കെ. സുധീർ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എസ്.ആർ. അരുൺ ബാബു സ്വാഗതവും ബ്ലോക്ക് സെക്രട്ടറി നാസിമുദ്ദീൻ നന്ദിയും പറഞ്ഞു.