കരുനാഗപ്പള്ളി: താലൂക്ക് ഓഫീസ് കോംമ്പൗണ്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇടമില്ലാതെ ഓഫീസുകളിൽ ഓരോ ആവശ്യങ്ങൾക്കെത്തുന്നവർ വലയുന്നു. വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇടമില്ലാത്ത കാരണത്താൽ ഒൗദ്യോഗിക വാഹനങ്ങൾ പാർക്ക് ചെയ്യേണ്ട സ്ഥലത്ത് പൊതു ജനങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ട സാഹചര്യമാണ് നിലവിലുള്ളത്.സ്വകാര്യ വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യുന്നത് ശിക്ഷാർഹമാണ് എന്ന് എഴുതി വച്ചിരിക്കുന്ന ബോർഡിന്റെ സമീപത്താണ് പൊതുജനങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നത്.
റോഡിൽ ഗതാഗത സ്തംഭനം
അനധികൃത പാർക്കിംഗ് മൂലം ഒൗദ്യോഗിക വാഹനങ്ങൾ പലപ്പോഴും ദേശീയപാതയുടെ വശങ്ങളിൽ പാർക്ക് ചെയ്യേണ്ട അവസ്ഥയാണ്. കരുനാഗപ്പള്ളി മിനി സിവിൽ സ്റ്റേഷനിൽ താലൂക്ക് ഓഫീസും കോടതികളും ഉൾപ്പടെ 35 ഓളം ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്.താലൂക്ക് ഓഫീസുകളിൽ വാഹനങ്ങളിൽ എത്തുന്നവർ താലൂക്ക് ഓഫീസിന്റെ തെക്കുവശമുള്ള പ്രധാന റോഡിന്റെ ഇരു വശങ്ങളിലുമാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇത് പലപ്പോഴും റോഡിൽ ഗതാഗത സ്തംഭനത്തിന് കാരണമാകുന്നു.
കാലം മാറി, കോംമ്പൗണ്ട് മാറിയില്ല
താലൂക്ക് ട്രഷറി ഓഫീസിന്റെ വടക്ക് ഭാഗത്ത് മണൽ അനധികൃതമായി കയറ്റി വന്ന ലോറികളും നിലം നികത്താനുപയോഗിച്ച ജെ.സി.ബിയും റവന്യു ഉദ്യോഗസ്ഥർ പിടിച്ചിട്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട കേസുകളുടെ എല്ലാ രേഖകളും ജില്ലാ ഭരണകൂടത്തിന്റെ പരിഗണനയിലാണ്. ലോറികളും ജെ.സി.ബി യും ഇവിടെ നിന്നും മാറ്റി കിട്ടിയാൽ ഇരുചക്ര വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കാൻ കഴിയും. മിനി സിവിൽ സ്റ്റേഷന്റെ മുൻഭാഗത്ത് ഫ്ലാഗ് പോസ്റ്റിനായി നിർമ്മിച്ചിട്ടുള്ള വൃത്താകാരത്തിന്റെ വിസ്തീർണം കുറച്ചാൽ പൊതുജനങ്ങളുടെ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ കഴിയും. നിലവിലുള്ള മിനി സിവിൽ സ്റ്റേഷൻ 38 വർഷങ്ങൾക്ക് മുമ്പാണ് നിർമ്മിച്ചത്. അന്ന് ഓഫീസുകളുടെ എണ്ണം പരിമിതമായിരുന്നു. ഇതു മൂലം ഓഫീസുകളിൽ എത്തുന്നആളുകളും കുറവായിരുന്നു. അന്ന് കാൽനടയായിട്ടാണ് പലരും ഓഫീസുകളിൽ എത്തിയിരുന്നത്. ഇന്ന് കാലം മാറി. വാഹനങ്ങളിൽ എത്തുന്നവരുടെ എണ്ണം പെരുകി. അതിനനുസരിച്ച് മിനി സിവിൽ സ്റ്റേഷൻ കോംമ്പൗണ്ടിൽ മാറ്റം ഉണ്ടായില്ല.