
 പിരിവിന് അനുവാദം നൽകിയില്ല
കൊല്ലം: ക്രമസമാധാന പ്രശ്‌നമുണ്ടാവുമെന്ന ജില്ലാ കളക്ടറുടെയും പൊലീസിന്റെയും നിർദേശം അവഗണിച്ച് വെള്ളിയാഴ്ച മുതൽ കൊല്ലം ബൈപ്പാസിൽ ടോൾ ആരംഭിക്കാനുള്ള നീക്കം പൊലീസ് ഇടപെട്ട് തടഞ്ഞു.
കൊല്ലം അസി. പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം ബൈപ്പാസിലെ ടോൾ പ്ലാസയിലെത്തിയാണ് ടോൾ ആരംഭിക്കാൻ പറ്റില്ലെന്ന് അറിയിച്ചത്. ടോൾ ആരംഭിക്കാൻ ഇതുവരെ കളക്ടർ അനുവദിച്ചിട്ടില്ല. അതിനാൽ വലിയ ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകാനിടയുള്ളതിനാൽ ടോൾ ആരംഭിക്കുന്നത് മാറ്റിവയ്ക്കണമെന്ന് പൊലീസ് നിർദേശിക്കുകയായിരുന്നു.
പരിസര വാസികളുമായി ബന്ധപ്പെട്ട് ഉണ്ടാക്കേണ്ട നിബന്ധനകളും സൗജന്യങ്ങളും സംബന്ധിച്ചും യാതൊരു തീരുമാനവും ഉണ്ടാക്കിയിട്ടില്ല. ഇതുകൂടി വേണമെന്ന് നേരത്തെ കളക്ടർ നിർദേശിച്ചിരുന്നു. അതൊന്നും അന്തിമമായി തീരുമാനിക്കാതെയാണ് ടോൾ പിരിവ് ആരംഭിക്കാൻ തീരുമാനിച്ചത്. അവ്യക്തത നിലനിറുത്തി ടോൾ പിരിവ് ആരംഭിക്കാൻ പറ്റില്ലെന്നും ഇതിന് കളക്ടർ അനുവദിക്കണമെന്നും പോലീസ് അറിയിച്ചതിനെ തുടർന്നാണ് ബന്ധപ്പെട്ടവർ തീരുമാനത്തിൽ നിന്ന് പിന്മാറിയത്.
 നിറുത്തുന്നത് മൂന്നാം തവണ
ഇത് മൂന്നാം തവണയാണ് ടോൾ ആരംഭിക്കുന്നത് നിറുത്തിവയ്ക്കുന്നത്. ഒന്നര മാസം മുൻപ് ടോൾ പിരിവ് ആരംഭിക്കുന്നതിന് ദേശീയപാത അതോറിറ്റി അനുമതി നൽകിയെങ്കിലും പാത വികസിപ്പിക്കൽ പൂർത്തിയാകാത്തതിനാൽ ടോൾ പിരിവ് പാടില്ലെന്ന് എല്ലാ രാഷ്ട്രീയ കക്ഷികളും എം.പി മാരും എം.എൽ.എമാരും ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന പൊതുമരാമത്ത് മന്ത്രി. ജി.സുധാകരനും ടോൾ പിരിവ് നടത്തരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിനും ദേശീയപാത അതോറിറ്റിക്കും കത്തും നൽകിയിരുന്നു. ഇതിനൊപ്പം നിരവധി സംഘടനകൾ സമരം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ഇതുവരെ ടോൾ പിരിവ് നിറുത്തിവച്ചിരുന്നത്.
 'ടോൾ നാടക രംഗങ്ങൾ'
1. വ്യാഴാഴ്ച രാത്രി കരാറെടുത്ത കമ്പനി ജില്ലാ കളക്ടർക്ക് വാട്ട്‌സ് ആപ്പ് സന്ദേശം അയയ്ക്കുന്നു
2. വെള്ളിയാഴ്ച മുതൾ ടോൾ പിരിവ് ആരംഭിക്കുമെന്ന് അറിയിപ്പ്
3. കളക്ടർ ടോൾ പിരിവ് ആരംഭിക്കാൻ നിർദേശമോ അനുമതിയോ നൽകിയില്ല
4. വിവരം അറിഞ്ഞതോടെ വിവിധ സംഘടനകൾ സമരം ചെയ്യുമെന്ന് പൊലീസിനെ അറിയിച്ചു
5. തുടർന്ന് പൊലീസെത്തി തീരുമാനത്തിൽ നിന്ന് ടോൾ പ്ലാസ അധികൃതരെ പിന്തിരിപ്പിച്ചു
 ഡി.വൈ.എഫ്.ഐ ഉപരോധിച്ചു
ടോൾ പിരിവ് തുടങ്ങാൻ ശ്രമിച്ചതിനെ തുടർന്ന് ഡി.വൈ.എഫ്.ഐ അഞ്ചാലുംമൂട് ബ്ലോക്ക് കമ്മിറ്റി ടോൾ പ്ലാസ ഉപരോധിച്ചു. പ്രകടനമായെത്തിയ പ്രവർത്തകർ ഉപരോധത്തിന് ശേഷം പ്രതിഷേധ യോഗം ചേർന്നു. ജില്ലാ സെക്രട്ടറി എസ്.ആർ.അരുൺ ബാബു ഉദ്ഘാടനം ചെയ്തു.
''
സ്ഥലത്ത് ക്രമസമാധാനപ്രശ്നം ഇപ്പോഴും നിലനിൽക്കുന്നു. കേന്ദ്ര - സംസ്ഥാന സർക്കാരുകളിൽ നിന്ന് ഔദ്യോഗികമായി അനുമതി ലഭിക്കാത്തിടത്തോളം ടോൾ പിരിവിന് അനുമതി നൽകില്ല.
ബി. അബ്ദുൽ നാസർ
ജില്ലാ കളക്ടർ