പത്തനാപുരം: ഗാന്ധിഭവൻ പതിനാറാമത് 'സ്നേഹഗ്രാമം' പഞ്ചായത്ത് തിരഞ്ഞെടുപ്പ് നാളെ നടക്കും. രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെ ഗാന്ധിഭവനിലെ 9 ബൂത്തുകളിലായി വോട്ടിംഗ് നടക്കും. കാരുണ്യമുന്നണി, സ്നേഹമുന്നണി എന്നീ രണ്ട പാനലുകളിലായി 18 പേർ മത്സരിക്കും. ഇവർക്ക് പ്രത്യേക ചിഹ്നം നൽകിയാണ് ബാലറ്റ് തയ്യാറാക്കുന്നത്. ഡബ്ബിംഗ് ആർട്ടിസ്റ്റായിരുന്ന ച്രന്ദമോഹൻ, മുംബൈയിൽ സ്കൂൾ മാനേജറായിരുന്ന ഗോപാലകൃഷ്ണൻ എന്നിവരാണ് ഇരുമുന്നണികൾക്കും നേതൃത്വം നൽകുന്നത്. ഗാന്ധിഭവനിലെ സേവനപ്രവർത്തകർ പ്രിസൈഡിംഗ് ഓഫീസർമാരായി മേൽനോട്ടം വഹിക്കുന്ന ബൂത്തുകളിൽ കിടപ്പുരോഗികൾ ഒഴികെ എണ്ണൂറോളം വോട്ടർമാർ വോട്ട് രേഖപ്പെടുത്തും. നാളെ തന്നെ പ്രസിഡന്റ് തിരഞ്ഞെടുപ്പും നടക്കും. ചീഫ് ഇലക്ഷൻ കമ്മിഷണർ റിട്ട. സെയിൽസ് ടാക്സ് ഓഫീസറും ഗാന്ധിഭവൻ ചീഫ് ജനറൽ മാനേജറുമായ വിജയൻ ആമ്പാടിയാണ്.
അന്തേവാസികളുടെ പഞ്ചായത്ത്
വിജയിക്കുന്ന മുന്നണി മാർച്ച് 1 ന് പഞ്ചായത്തിന്റെ അധികാരം ഏറ്റെടുക്കും.അന്തേവാസികൾ തന്നെ അവർക്കിടയിൽ നിന്ന് പ്രതിനിധികളെ തിരഞ്ഞെടുത്ത് ഗാന്ധിഭവന്റെ പ്രവർത്തനങ്ങളിൽ പിന്തുണ നൽകുന്നതിലൂടെ ഞങ്ങൾ അനാഥരല്ല, സമൂഹത്തിൽ ഏറെ വിലയുള്ളവരാണ് എന്ന അവബോധം അവരിൽ വളർത്തിയെടുക്കുവാനാണ് ഇങ്ങനെയൊരു തിരഞ്ഞെടുപ്പ് നടത്തുന്നതെന്ന് ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ പറഞ്ഞു.
പഞ്ചായത്തിന്റെ ചുമതലകൾ
പഞ്ചായത്ത് യോഗങ്ങൾ കൂടുവാനും പദ്ധതികൾ രൂപീകരിക്കുവാനും സ്നേഹൃഗ്രാമം പഞ്ചായത്ത് കാര്യാലയവും ഗാന്ധിഭവനിൽ പ്രവർത്തിക്കുന്നുണ്ട്. ഗാന്ധിഭവനിലെ അന്തേവാസികളുടെ ഭക്ഷണം, വസ്ത്രം, ചികിത്സ, ശുചിത്വം തുടങ്ങിയ ക്ഷേമകാര്യങ്ങളും അവരുടെ ചിട്ടയായ ജീവിതരീതി, കാർഷികം, തൊഴിൽ പരിശീലനം, കരകൗശല നിർമ്മാണം എന്നിവകളിലുള്ള അവരുടെ പങ്ക്, ഉറപ്പുവരുത്തുക എന്നിവയാണ് പഞ്ചായത്തിന്റെ ചുമതലകൾ.