man-tensed

കൊല്ലം: കൊട്ടിഘോഷിച്ച് ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച ഇ - ടോയ്‌ലെറ്റുകളിൽ മിക്കതും ഉപയോഗശൂന്യമാകുകയും ചിലത് പൊളിച്ചുമാറ്റുകയും ചെയ്തതോടെ നഗരത്തിലെത്തുന്നവർ പ്രാഥമികാവശ്യങ്ങൾക്ക് നെട്ടോട്ടമോടുന്നു. പൊതുടോയ്ലെറ്റുകൾ നിർമ്മിക്കുമെന്ന് മുറപോലെ എല്ലാ ബഡ്ജറ്റിലും നഗരസഭ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും നടപ്പിലാകുന്നില്ല.

2013ലാണ് ചിന്നക്കട ക്ളോക്ക് ടവർ, പോസ്റ്റോഫീസ്, കളക്ടറേറ്റ്, പോളയത്തോട്, അഞ്ചാലുംമൂട് എന്നിവിടങ്ങളിൽ ഇ -ടോയ്‌ലെറ്റുകൾ സ്ഥാപിച്ചത്. ഒരു രൂപ നാണയം ഉപയോഗിച്ച് തുറന്ന് ഉപയോഗിക്കാവുന്ന തരത്തിലായിരുന്നു ഇവയുടെ രൂപകൽപ്പന. തുടക്കത്തിൽ തന്നെ പോരായ്മകൾ പ്രകടമായെങ്കിലും ശരിയാക്കാമെന്നായിരുന്നു നഗരസഭയുടെ വാഗ്ദാനം. എന്നാൽ ഒന്നും ശരിയായില്ലെന്ന് മാത്രമല്ല കാലക്രമേണ ഇവയെല്ലാം നശിച്ചുപോകുകയും ചെയ്തു.

കളക്ടറേറ്റിന് പടിഞ്ഞാറേ കവാടത്തിന് സമീപത്തുണ്ടായിരുന്ന മൂന്ന് ഇ - ടോയ്‌ലറ്റുകൾ മൂന്ന് വർഷം മുൻപ് ഓട നവീകരണത്തിന്റെ പേരിൽ പൊളിച്ചുമാറ്റിയിരുന്നു. മറ്റുള്ളയിടങ്ങളിൽ പോസ്റ്ററുകൾ പതിക്കുന്നതിനുള്ള ഇടമായി മാറിയിരിക്കുകയാണ് ഇ - ടോയ്ലെറ്റുകൾ.

 പൊളിച്ചുനീക്കി നഗരസഭ; കടകൾ തന്നെ ആശ്രയം

നഗരത്തിൽ ഇ - ടോയ്‌ലെറ്റുകൾ വരുന്നതിന് മുമ്പുണ്ടായിരുന്ന പൊതുടോയ്ലെറ്റുകൾ നഗരസഭ പൊളിച്ചുനീക്കിയിരുന്നു. എന്നാൽ പകരം പുതിയവ നിർമ്മിക്കാൻ മിനക്കെട്ടില്ല. നിലവിൽ കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്തും കൊല്ലം ബീച്ച് റോഡിലും മാത്രമാണ് പ്രവർത്തനക്ഷമമായ ടോയ്ലെറ്റുകൾ ഉള്ളത്. അവശ്യഘട്ടങ്ങളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ തന്നെയാണ് ഇപ്പോഴും ആശ്രയം.

 ബഡ്ജറ്റിൽ 1.36 കോടി

നഗരസഭയുടെ പുതിയ ബഡ്ജറ്റിലും പൊതുടോയ്ലെറ്റുകൾക്കായി 1.36 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ആധുനിക രീതിയിലുള്ള ടോയ്ലെറ്റുകൾ നിർമ്മിക്കുന്നതിനും നിലവിലുള്ളവ നവീകരിക്കുന്നതിനുമാണ് തുക വകയിരുത്തിയിരിക്കുന്നത്. എന്നാൽ ഇതും മുൻകാലങ്ങളിലേതുപോലെ വാഗ്ദാനത്തിൽ ഒതുങ്ങുമോയെന്ന ആശങ്കയിലാണ് യാത്രക്കാർ. നിലവിലുള്ളവ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികളെങ്കിലും സ്വീകരിക്കണമെന്നാണ് അവരുടെ ആവശ്യം.