കൊല്ലം: ക്ഷേത്രക്കുളത്തിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയത് ആശങ്കയ്ക്ക് ഇടയാക്കി. ഉളിയക്കോവിൽ കൊച്ചുകാവ് ക്ഷേത്രത്തിലെ കുളത്തിലാണ് നൂറോളം മീനുകൾ ചത്തുപൊങ്ങിയത്. രാവിലെ എട്ടോടെ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയവർ ഭാരവാഹികളെ വിവരമറിയിച്ചതിനെ തുടർന്ന് ഈസ്റ്റ് പൊലീസും ഫിഷറീസ് അധികൃതരും സ്ഥലത്തെത്തി.
കുളത്തിൽ ആരെങ്കിലും വിഷം കലർത്തിയാകാമെന്നുള്ള ആശങ്ക നാട്ടുകാർ പൊലീസിനോട് പങ്കുവച്ചു. ഫോറൻസിക് വിദഗ്ദ്ധരെത്തി കുളത്തിലെ വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചു. അസ്വാഭാവികതയ്ക്ക് പൊലീസ് കേസെടുത്തു.