 
കുന്നത്തൂർ : പാതയോരത്തെ കനാൽ ഭാഗം അപകട ഭീഷണിയിലായിട്ടും അധികൃതർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് കുന്നത്തൂർ തുരുത്തിക്കര പള്ളിമുക്കിൽ പഞ്ചായത്തംഗം റെജി കുര്യന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. കിഫ്ബി വഴി നിർമ്മാണം നടക്കുന്ന ചിറ്റുമല മൂന്നുമുക്ക് - തെങ്ങമം റോഡിൽ തുരുത്തിക്കര സർക്കാർ എൽ.പി സ്കൂളിന് സമീപം നാലാൾ താഴ്ചയിലാണ് ഇരുഭാഗത്തും കനാൽ സ്ഥിതി ചെയ്യുന്നത്.കണ്ണൊന്ന് തെറ്റിയാൽ അപകടം ഉറപ്പാണ്. ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. കാൽനടയാത്ര പോലും ഇതുവഴി ദുഷ്ക്കരമാണ്.അപകട സൂചനാ മുന്നറിയിപ്പ് ബോർഡുകളോ ക്രാഷ് വാരിയർ പോലുള്ള സംവിധാനങ്ങളോ സ്ഥാപിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.മാസങ്ങളായി ഇതാണ് അവസ്ഥ.ഈ സാഹചര്യത്തിലാണ് ഉപരോധസമരം സംഘടിപ്പിച്ചത്.സമരത്തെ തുടർന്ന് പൊതുമരാമത്ത്,ഇറിഗേഷൻ വകുപ്പ് അധികൃതർ സ്ഥലത്തെത്തി ചർച്ച നടത്തി.ഉടൻ തന്നെ താത്ക്കാലിക പരിഹാരം കാണാമെന്നും റോഡ് നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്ക് കൈവരി അടക്കമുള്ള സംവിധാനങ്ങൾ സ്ഥാപിക്കുമെന്ന ഉറപ്പിനെ തുടർന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം കാരയ്ക്കാട്ട് അനിൽ ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗം റെജി കുര്യൻ അദ്ധ്യക്ഷത വഹിച്ചു.പി.ഒ തോമസ്,ചെല്ലപ്പൻ ഇരവി,സാംകുട്ടി,രഘുനാഥൻ പിള്ള, വാസുദേവൻ പിള്ള,വിഷ്ണു കൊല്ലാറ,ഗോപൻ തുരുത്തിക്കര, ഉമേഷ് കുന്നത്തൂർ,ഹരി പുത്തനമ്പലം, അതുൽ കണ്ണൻ എന്നിവർ പങ്കെടുത്തു.