election
കൊല്ലം കന്റോൺമെന്റിൽ പുതുതായി പ്രവർത്തനം ആരംഭിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടിംഗ് മെഷീൻ വെയർ ഹൗസ്

കൊല്ലം: നിയമസഭയിലേയ്ക്കുള്ള അങ്കത്തിന് തീയതി കുറിച്ചു, ഇനി അങ്കത്തട്ടിൽ ഭരണം പിടിക്കാൻ ഒന്നേകാൽ മാസം. ആർക്കും സ്ഥിരമായി വഴങ്ങാത്ത ജില്ലയിൽ ഇക്കുറി പലയിടത്തും ശക്തമായ ത്രികോണ മത്സരമാണ് പ്രതീക്ഷിക്കുന്നത്. ജനത്തെ ഇളക്കിമറിച്ചുള്ള മൂന്ന് ജാഥകളിൽ ഒന്ന് അവസാനിച്ചു. രണ്ടെണ്ണം ഉടൻ തലസ്ഥാനത്തെത്തും. പിന്നാലെ സ്ഥാനാർത്ഥി പ്രഖ്യാപനവും ഉണ്ടാവും.
തീരദേശവും ഇടനാടും കുറച്ച് മലനാടുമുള്ള ജില്ലയിൽ വിജയങ്ങൾ അപ്രതീക്ഷിതമാണ്. 12 നിയോജകമണ്ഡലങ്ങളുണ്ടായിരുന്നത് 2009ലെ പുനർനിർണയത്തിലൂടെ 11 ആയി ചുരുങ്ങി. നെടുവത്തൂർ മണ്ഡലമാണ് ഇല്ലാതായത്.
2006 ൽ യു.ഡി.എഫിന് ഒൻപത് എം.എൽ എമാരുണ്ടായിരുന്നു. 2011ൽ അത് രണ്ടായി ചുരുങ്ങി. അന്ന് കേരളാ കോൺഗ്രസ് ബി യു.ഡി.എഫിലായിരുന്നു. 2016 ലെ തിരഞ്ഞെടുപ്പിലാവട്ടെ മുഴുവൻ സീറ്റും ഇടതുമുന്നണി തൂത്തുവാരി. കൊല്ലത്തുനിന്ന് ഇക്കുറി ഒരു എം.എൽ.എയെങ്കിലും ഉണ്ടാവുമെന്ന വിശ്വാസത്തിലാണ് ബി.ജെ.പി.

കാലിക സാമൂഹിക - രാഷ്ട്രീയ പ്രശ്‌നങ്ങളോടും സംഭവങ്ങളോടും ശക്തമായി പ്രതികരിക്കുന്ന ജില്ലകൂടിയാണ് കൊല്ലം. ഏക സംവരണ മണ്ഡലമായ കുന്നത്തൂർ എറ്റവും കൂടുതൽ ഇടതുപക്ഷത്താണ് നിലയുറപ്പിച്ചിട്ടുള്ളത്. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കുന്നത്തൂർ മണ്ഡലത്തിൽ നേട്ടമുണ്ടാക്കുന്നത് യു.ഡി.എഫാണ്. മറ്റ് മണ്ഡലങ്ങളിൽ മാറിക്കൊണ്ടിരിക്കുന്നതാണ് ചരിത്രം. മാറ്റമില്ലാതെ തുടർന്ന ആർ.എസ്.പിയുടെ ചവറയും കഴിഞ്ഞ തവണ മാറിചിന്തിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ല ആരെ പിന്തുണച്ചാലും നിയമസഭാ - പാർലമെന്റ് തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത ചാഞ്ചാട്ടമാണുണ്ടാവുക. സ്ഥാനാർത്ഥികളും അവരുടെ വ്യക്തിപ്രഭാവവും വിജയത്തെ സ്വാധീനിക്കാറുണ്ട്. കാത്തിരിക്കാം അങ്കത്തട്ടിലെ തന്ത്രങ്ങൾ മറികടന്നെത്തുന്ന ജേതാക്കൾക്കായി.

 ജില്ലയിൽ ആകെ സീറ്റ്: 11

 മണ്ഡലങ്ങൾ

 കൊല്ലം  ചാത്തന്നൂർ  കുണ്ടറ  ഇരവിപുരം  കൊട്ടാരക്കര  ചടയമംഗലം  പത്തനാപുരം  പുനലൂർ  കുന്നത്തൂർ  കരുനാഗപ്പള്ളി  ചവറ

 2016ൽ

എൽ.ഡി.എഫ്: 11

യു.‌ഡി.എഫ്: 0