conductor

 അപമര്യാദയായി പെരുമാറുന്നതായും പരാതി

കൊല്ലം: നഗരത്തിലെ സ്വകാര്യബസുകളിൽ വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകുന്നില്ലെന്ന ആക്ഷേപം വീണ്ടും ശക്തമാകുന്നു. കൺസഷൻ ആവശ്യപ്പെടുന്ന വിദ്യാർത്ഥികളോട് സ്‌കൂളുകൾ തുറക്കട്ടെയെന്നാണ് ബസ് ജീവനക്കാരുടെ മറുപടി. ചില ജീവനക്കാർ അപമര്യാദയായി പെരുമാറുന്നതായും പരാതിയുണ്ട്.

പരീക്ഷാ കാലമായതിനാൽ സ്വകാര്യ ട്യൂഷൻ സെന്ററുകളെ ആശ്രയിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം കൂടുതലാണ്. ഇത്തരത്തിൽ പഠനകാര്യങ്ങൾക്കായി പോകുന്ന വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകണമെന്ന് ജിലാ കളക്ടർ നേരത്തെ ഉത്തരവ് നൽകിയിരുന്നു. മോട്ടോർ വാഹനവകുപ്പും ഇതേ നിലപാടിൽ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

എന്നാൽ ഇതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന തരത്തിലാണ് നഗരത്തിലെ ചില സ്വകാര്യബസുകളിലെ ജീവനക്കാരുടെ പെരുമാറ്റം. കഴിഞ്ഞദിവസം കൺസഷൻ ടിക്കറ്റ് നൽകില്ലെന്ന് അഞ്ചാലുംമൂട് റൂട്ടിലെ ഒരു ബസ് ജീവനക്കാരൻ വാശിപിടിച്ചതിനെ തുടർന്ന് വിദ്യാർത്ഥിനി ബസിനുള്ളിൽ കരയാനിടയായി. തുടർന്ന് യാത്രക്കാരിലൊരാളാണ് വിദ്യാർത്ഥിനിക്ക് ടിക്കറ്റ് എടുത്തുനൽകിയത്.

 പതറുന്ന വിദ്യാർത്ഥികൾ

കൺസഷൻ ആവശ്യപ്പെട്ട് നൽകിയില്ലെങ്കിൽ മുഴുവൻ പണവും നൽകി യാത്ര ചെയ്യാൻ വിദ്യാർത്ഥികളിൽ ചിലർ തയ്യാറാകുന്നതാണ് ഇത്തരക്കാർക്ക് പ്രചോദനമാകുന്നത്. മിക്കപ്പോഴും വിദ്യാർത്ഥികൾ ജീവനക്കാരുടെ കടുത്ത ശബ്ദത്തിന് മുന്നിൽ പതറുകയാണ്. മുഴുവൻ പണവും നൽകാൻ കഴിയാത്ത വിദ്യാർത്ഥികളാണ് ഇതുമൂലം വലയുന്നത്.

''വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകരുതെന്ന് ഉടമകൾ നിർദ്ദേശം നൽകിയിട്ടില്ല. അവർക്കുള്ള ടിക്കറ്റുകൾ വിതരണം ചെയ്യുന്നുമുണ്ട്. അവധിദിവസങ്ങളിലും നഗരത്തിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യയാത്ര നൽകുന്നുണ്ട്. വരുമാനക്കുറവ് നികത്തുന്നതിനായും വർദ്ധിച്ച ഇന്ധനവിലയുടെയും പശ്ചാത്തലത്തിൽ ജീവനക്കാർ പരമാവധി വരുമാനം ഉണ്ടാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടായിരിക്കും ഇപ്രകാരം നടക്കുന്നത്. ഇത്തരം രീതികളോട് യോജിക്കുന്നില്ല.''

ലോറൻസ് ബാബു, ജനറൽ സെക്രട്ടറി, കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ