കൊല്ലം: കേരളകൗമുദി ആരംഭിച്ചതിന്റെ 110-ാം വാർഷികവും 50 വർഷം തികഞ്ഞ കേരളകൗമുദി ഏജന്റുമാർക്ക് നൽകിയ ആദരവും ചരിത്രത്തിലേക്കുള്ള തിരിഞ്ഞുനോട്ടമായി. ചടങ്ങിൽ പ്രഭാഷണം നടത്തിയവരെല്ലാം കേരളത്തെ ഇന്ന് കാണുന്ന തരത്തിൽ രൂപപ്പെടുത്തിയതിൽ കേരളകൗമുദി നടത്തിയ ഇടപെടലുകളും ചരിത്ര മുഹൂർത്തങ്ങളും പങ്കുവച്ചു.
പിന്നാക്ക വിഭാഗങ്ങൾക്ക് മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ടിരുന്ന കാലത്ത് നിന്ന് ഇന്നുകാണുന്ന തരത്തിൽ കേരളത്തെ മാറ്റിമറിച്ചത് കേരളകൗമുദിയാണെന്ന് എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി. സുന്ദരൻ പറഞ്ഞു. കേരളകൗമുദി മുന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടിയും ശബ്ദമുയർത്തുന്നുണ്ടെന്ന് ആർ.പി ബാങ്കേഴ്സ് ഉടമ ആർ. പ്രകാശൻപിള്ള പറഞ്ഞു. മുന്നാക്ക വിഭാഗങ്ങളുടെ സ്കോളർഷിപ്പ് മുടങ്ങിയപ്പോൾ മുഖപ്രസംഗം എഴുതിയത് കേരളകൗമുദി മാത്രമാണെന്നും തൊട്ടുപിന്നാലെ സർക്കാർ സ്കോളർഷിപ്പ്തുക അനുവദിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ആനുകാലിക സംഭവങ്ങൾക്കൊപ്പം വിജ്ഞാനത്തിന്റെ വിശാലലോകമാണ് കേരളകൗമുദി തുറന്നിടുന്നതെന്ന് എ.എം. ഗ്രൂപ്പ് ഒഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ എസ്. അൻസർ ചൂണ്ടിക്കാട്ടി. മലയാളത്തിലെ നന്മയുടെ അടയാളമാണ് കേരളകൗമുദിയെന്ന് ഹിന്ദു ആചാര്യസഭ ഓർഗനൈസിംഗ് സെക്രട്ടറി സുധീർ ബാബു പറഞ്ഞു.
കേരളകൗമുദി ഒഴുക്കിനെതിരെ നീന്തി: എൻ.കെ. പ്രേമചന്ദ്രൻ
തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിന്നിരുന്ന കാലത്ത് ഒഴുക്കിനെതിരെ നീന്തിയാണ് പിന്നാക്ക ജനവിഭാഗങ്ങളുടെ പ്രതിനിധിയായി കേരളകൗമുദി രംഗപ്രവേശം ചെയ്തതെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. പിന്നാക്കക്കാർക്ക് അക്ഷരം പഠിക്കാനും പഠിപ്പിക്കാനും വഴിനടക്കാനും ഈശ്വരാരാധന നടത്താനും വസ്ത്രം ധരിക്കാനും അവകാശമില്ലാതിരുന്ന കാലത്ത് അടിച്ചമർത്തപ്പെട്ടവന്റെ ആത്യന്തികമായ വിമോചനം ലക്ഷ്യമാക്കിയായിരുന്നു കേരളകൗമുദിയുടെ മുന്നോട്ടുപോക്ക്. ഇക്കാര്യത്തിൽ പത്രത്തിന്റെ സ്ഥാപകൻ സി.വി. കുഞ്ഞുരാമൻ ചരിത്രപരമായ ദൗത്യമാണ് നിർവഹിച്ചത്. കേരളത്തിൽ ഉയർന്നുവന്ന എല്ലാ നവോത്ഥാന മുന്നേറ്റങ്ങളുടെയും ചാലകശക്തിയായി പ്രവർത്തിക്കാനും ഈ ദിനപത്രത്തിന് കഴിഞ്ഞു. വൈക്കം സത്യാഗ്രഹത്തിന് ദേശീയതലത്തിൽ ശ്രദ്ധ നേടിക്കൊടുത്തത് കേരളകൗമുദിയാണ്. ഗുരുദേവന്റെ അനുഗ്രഹാശിസോടെ സി.വി. കുഞ്ഞുരാമൻ തുടക്കമിട്ട പാതയിലൂടെയാണ് കേരളകൗമുദി ഇപ്പോഴും സഞ്ചരിക്കുന്നത്. ചാട്ടുളിപോലെ തുളച്ചുകയറുന്നതാണ് കേരളകൗമുദിയുടെ മുഖപ്രസംഗങ്ങൾ. പിന്നാക്കസംവരണത്തിനെതിരെ നീക്കങ്ങളുണ്ടാകുമ്പോഴെല്ലാം കേരളകൗമുദി ശക്തമായി രംഗത്തുവരുമെന്നും പ്രേമചന്ദ്രൻ വ്യക്തമാക്കി.
പ്രൗഢമായ പാരമ്പര്യം: എം. നൗഷാദ്
സി.വി. കുഞ്ഞുരാമനിൽ തുടങ്ങി നാലാം തലമുറയിൽ എത്തിനിൽക്കുന്ന പ്രൗഢമായ പാരമ്പര്യമാണ് കേരളകൗമുദിയുടെ ഏറ്രവും വലിയ പ്രത്യേകതയെന്ന് എം. നൗഷാദ് എം.എൽ.എ പറഞ്ഞു. പിന്നാക്ക ജനതയുടെ പടവാളാണ് ഈ ദിനപത്രം. വായനക്കാരന്റെ മനസിലേക്ക് തുളച്ചുകയറുന്നതായിരുന്നു കേരളകൗമുദിയിലെ മുഖപ്രസംഗങ്ങൾ. ജനങ്ങളെ പടയാളികളാക്കുന്ന തരത്തിലായിരുന്നു മുഖപ്രസംഗങ്ങളുടെ ഭാഷയും അവതരണവും. പത്രങ്ങളുടെ നിലനില്പിന്റെ അടിസ്ഥാനഘടകം ഏജന്റുമാരാണെന്നും എം. നൗഷാദ് വ്യക്തമാക്കി.
ആവേശത്തോടെ അവരെത്തി
നേരം പുലരും മുൻപേ വീട്ടുമുറ്രങ്ങളിൽ കേരളകൗമുദി പത്രം എത്തിക്കുന്ന അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഓർമ്മകൾ തിരിച്ചുപിടിച്ചാണ് കേരളകൗമുദിക്കൊപ്പം നിൽക്കുന്ന ഏജന്റുമാർ ആദരവ് ഏറ്റുവാങ്ങാനെത്തിയത്. ഓർമ്മകളുടെ തിളക്കത്തിൽ പലരും പ്രായത്തിന്റെ അവശതകൾ മറന്നു. ഏറെക്കാലത്തിനുശേഷം കണ്ടുമുട്ടിയ സഹപ്രവർത്തകരുമായി പഴയകാലഓർമ്മകൾ പങ്കുവച്ചു. ഇപ്പോൾ പത്രം വിതരണം ചെയ്യാൻ പ്രത്യേകം ആളുകളുണ്ട്. പ്രായമായതോടെ ചിലർ ഏജൻസിയുടെ ദൈനംദിന നടത്തിപ്പ് മക്കൾക്ക് കൈമാറി മേൽനോട്ടത്തിലേക്ക് വഴിമാറി. എന്നിട്ടും വായനക്കാരെ നിരന്തരം ബന്ധപ്പെട്ട് പത്രം കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനൊപ്പം പുതിയ വരിക്കാരെ കണ്ടെത്തുന്നതിലും ഇവർ വളരെ സജീവമായി രംഗത്തുണ്ട്.