കൊല്ലം : ആഴക്കടൽ മത്സ്യബന്ധന കരാറിനെതിരെ മത്സ്യത്തൊഴിലാളികളുടെ കോ ഓർഡിനേഷൻ കമ്മിറ്റി ജില്ലയിൽ ആഹ്വാനം ചെയ്ത തീരദേശ ഹർത്താൽ പൂർണമായിരുന്നു. ആലപ്പാട് മുതൽ കൊല്ലത്തെ മുഴുവൻ തീരവും നിശ്ചലമായി. മത്സ്യത്തൊഴിലാളികൾ ആരും വള്ളമോ ബോട്ടോ ഇറക്കാൻ തയ്യാറായില്ല. ഇടതുപക്ഷ സംഘടനകൾ സമരം പൊളിക്കാൻ ശ്രമിച്ചിട്ടും ബന്ദ് വലിയ വിജയമായിരുന്നെന്ന് മത്സ്യത്തൊഴിലാളി കോ ഓർഡിനേഷൻ നേതാക്കൾ പറഞ്ഞു. സമരം നടത്തിയ മത്സ്യത്തൊഴിലാളികൾ വിവിധ സ്ഥലങ്ങളിൽ പ്രകടനം നടത്തി. മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിജു ലൂക്കോസ്, നേതാക്കളായ ജോർജ് ഡി. കാട്ടിൽ, ബാബു ജോർജ്, നാസറുദ്ദീൻ, പി.ആർ. സുൾഫി, അലക്‌സാണ്ടർ പള്ളിത്തോട്ടം എന്നിവർ കൊല്ലം തീരത്ത് സമരത്തിന് നേതൃത്വം നൽകി.
ഹാർബറുകൾ വിജനം
ആലപ്പാട്, നീണ്ടകര, കോവിൽത്തോട്ടം, കരിത്തുറ, തങ്കശേരി, ശക്തികുളങ്ങര ഹാർബറുകളെല്ലാം വിജനമായിരുന്നു. നേരത്തേ ലോഡുകയറ്റി വച്ചിരുന്ന മത്സ്യങ്ങൾ മാത്രമാണ് കൊണ്ടുപോകാൻ അനുവദിച്ചത്. കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചതിനാൽ എല്ലായിടത്തും പ്രവർത്തകരെത്തി കടലിൽ പോകുന്നവരെ പിന്തിരിപ്പിച്ചു. വാടിയിൽ വെള്ളിയാഴ്ച രാത്രി പൊലീസ് ലാത്തീവീശി. ഹാർബറുകളിലേയ്ക്ക് ഒറ്റവാഹനത്തെപ്പോലും കടത്തിവിട്ടില്ല. ചിലർ വള്ളങ്ങളിൽ പോയി കൊണ്ടുവന്ന മീൻ വിൽക്കാൻ സമരക്കാർ അനുവദിച്ചില്ല. കടലിൽ വള്ളമിറക്കാൻ ശ്രമിച്ച ചിലർ സമരാനുകൂലികളുമായി തർക്കത്തിലായി. ചിലയിടത്ത് ഇത് കൈയാങ്കളിയോളമെത്തി. പൊലീസെത്തിയാണ് ഇവരെ പിന്തിരിപ്പിച്ചത്.