കൊല്ലം: യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപ്പറേഷനിലേയ്ക്ക് സംഘടിപ്പിച്ച മാർച്ചിൽ സംഘർഷമുണ്ടായതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നിട്ടും കോർപ്പറേഷൻ ബഡ്ജറ്റ് രേഖകളിൽ മേയർ കൃത്രിമം നടത്താൻ ശ്രമിച്ചതായും ബി.ജെ.പി കൗൺസിലർമാരെ അസഭ്യം പറഞ്ഞ് അപമാനിച്ചെന്നും ആരോപിച്ചായിരുന്നു മാർച്ച്. ചിന്നക്കട റെസ്റ്റ് ഹൗസ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് എഫ്.സി ഗോഡൗണിന് മുന്നിൽ പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചതോടെ പൊലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ മാർച്ച് ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് ചട്ടം നിലവിൽ വന്നിട്ടും അർദ്ധരാത്രി കോർപ്പറേഷൻ ഓഫീസിൽ മേയറും സി.പി.എം അനുകൂല സംഘടനയിലെ ഉദ്യോഗസ്ഥരും നടത്തിയ ക്രമക്കേടുകളെ സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തുവാൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനം അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ഇരവിപുരം നിയോജക മണ്ഡലം പ്രസിഡന്റ് സി.ബി. പ്രതീഷ്, കൊല്ലം കോർപ്പറേഷൻ പാർലമെന്ററി പാർട്ടി ലീഡർ ടി.ജി. ഗിരീഷ്, കൗൺസിലർമാരായ ബി. ശൈലജ, കൃപ വിനോദ്, ടി.ആർ. അഭിലാഷ്, സജിതാനന്ദ്, അനീഷ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു. യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ജമുൻ ജഹാംഗീർ, സെക്രട്ടറി അനീഷ് ജലാൽ, നിയോജക മണ്ഡലം പ്രസിഡന്റുമാരായ പ്രണവ് താമരക്കുളം, സന്ദീപ്, സനൽ മുകളുവിള, അരുൺ പന്മന, ഐ.ടി സെൽ കൺവീനർ അർജുൻ മോഹൻ, മീഡിയാ സെൽ കൺവീനർ ദിനേശ് പ്രദീപ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ പ്രശാന്ത്, ഗോപൻ, ദിനു കലാധരൻ, വിനീത് ജി. ഗോപാൽ, അഭിഷേക് ശർമ്മ തുടങ്ങിയവർ നേതൃത്വം നൽകി.