palm
പുനലൂർ-പൊൻകുന്നം പാതയിലെ പത്തനാപുരം-പുനലൂർ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന മുക്കടവിൽ പുതിയ പാലം പണിയാൻ വേണ്ടി കൂറ്റൻ കട്ടിംഗും, പാറക്കെട്ടും ഇടിച്ച് മാറ്റുന്നു.

പുനലൂർ: മുക്കടവിലെ തകർന്ന പാലത്തിന് ഇനി വിശ്രമിക്കാം. പകരം പുതിയ പാലം വരുന്നു.

പുനലൂർ-പൊൻകുന്നം സംസ്ഥാന പാതയുടെ നവീകരണങ്ങളുടെ ഭാഗമായി പുനലൂർ -പത്തനാപുരം മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന മുക്കടവ് പുതിയ പാലത്തിന്റെ നിർമ്മാണം ആരംഭിച്ചു. കല്ലടയാറിന്റെ കൈവഴി ആറായ മുക്കടവ് ആറിന് മദ്ധ്യേയാണ് പുതിയ പാലം പണിയുന്നത്. പഴയ പാലത്തിന്റെ രണ്ട് കരകളിലെയും പാറകൾ പൊട്ടിക്കുകയും കൂറ്റൻ കുന്നുകൾ ഇടിച്ച് മാറ്റിയ ശേഷമാണ് പുതിയ പാലത്തിന്റെ നിർമ്മാണം ആരംഭിച്ചിരിക്കുന്നത്. പുനലൂർ-പൊൻകുന്നം റോഡിലെ ഒന്നാം റീച്ചായ പുനലൂർ മുതൽ കോന്നി വരെയും തുടർന്ന് കോന്നി മുതൽ പ്ലാച്ചേരിവരെയും പ്ലാച്ചേരി മുതൽ പൊൻകുന്നം വരെയുമുളള മറ്റ് രണ്ട് റീച്ചുകളിലെയും നിർമ്മാണം പുരോഗമിച്ച് വരിയാണ്.

ഉയർന്ന നിലവാരത്തിൽ

മുക്കടവിലെ പഴയ പാലവും കൊടും വളവും ഒഴിവാക്കാനാണ് ലക്ഷ്യം. അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ശബരിമല തീർത്ഥടകർ ഉൾപ്പടെയുള്ളവർ സഞ്ചരിക്കുന്ന വാഹനങ്ങൾ ഇടുങ്ങിയ മുക്കടവ് പാലം വഴിയാണ് രണ്ട് ഭാഗങ്ങളിലേക്കും കടന്ന് പോകുന്നത്.ഇത് ഗതാഗത തടസങ്ങൾക്ക് കാരണമായി . നൂറ്റാണ്ടുകൾക്ക് മുമ്പ് പണിത പാലം കാലപ്പഴക്കത്തെ തുടർന്ന് നാശത്തിന്റെ വക്കിലെത്തി നിൽക്കുകയാണ്. ഇത് കൂടി കണക്കിലെടുത്താണ് ഉയർന്ന നിലവാരത്തിൽ പുതിയ പാലം പണിയാൻ അധികൃതരെ പ്രേരിപ്പിച്ചത്. പഴയ പാലത്തിന്റെ രണ്ട് കരകളിലായി സ്ഥിതി ചെയ്യുന്ന കൂറ്റൻ കട്ടിംഗും പാറക്കെട്ടും ഹിറ്റാച്ചികളും ജെ.സി.ബിയും ഉപയോഗിച്ച് നീക്കം ചെയ്യുന്ന ജോലികൾ പുരോഗമിച്ച് കൊണ്ടിരിക്കുന്നു. നിലവിൽ സമീപത്തെ പഴയ പാലത്തിലൂടെയുള്ള ഗതാഗതത്തിന് തടസങ്ങൾ ഇല്ലാതെയാണ് പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്.