c

ഉപഭോക്തൃ ഫോറം ഓഫീസ് നിർമ്മാണം നീളുന്നു

കൊല്ലം: കളക്ടറേറ്റിലെ കുടുസുമുറിയിൽ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം ഓഫീസ് ശ്വാസംമുട്ടുമ്പോൾ കർബല ജംഗ്ഷനിലെ സ്വന്തം കെട്ടിടത്തിന്റെ നിർമ്മാണം അനന്തമായി നീളുന്നു. കെട്ടിടനിർമ്മാണം രണ്ട് വർഷം മുൻപ് തീർന്നെങ്കിലും കാബിനുകൾ സ്ഥാപിക്കുന്ന ജോലി പൊതുമരാമത്ത് വകുപ്പ് അനന്തമായി നീട്ടുകയാണ്. കളക്ടറേറ്റിലെ ഇപ്പോഴത്തെ ഫോറത്തിന്റെ ഓഫീസിൽ വിവിധ രേഖകൾ സൂക്ഷിക്കാൻ പോലുമുള്ള സ്ഥലസൗകര്യമില്ല. വിവിധ കേസുകളുടെ ഹിയറിംഗിനെത്തുന്നവർ പുറത്ത് വരാന്തയിലാണ് കൂട്ടത്തോടെ ഇരിക്കുന്നത്. കൊവിഡ് വന്നതോടെ ഇവിടത്തെ ദുരിതം ഇരട്ടിയായി.

സ്വതന്ത്രമായി പ്രവർത്തിക്കണമെന്ന് ചട്ടം

ഉപഭോക്തൃ തർക്ക പരിഹാര ഫോറം മറ്റ് ഓഫീസുകളിൽ നിന്ന് മാറി സ്വതന്ത്രമായി പ്രവർത്തിക്കണമെന്നാണ് ചട്ടം. ഒട്ടുമിക്ക ജില്ലകളിലും ഫോറം സ്വന്തം കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. കേന്ദ്ര ഫണ്ടുകൂടി വിനിയോഗിച്ചാണ് കർബലയിലെ ഓഫീസ് നിർമ്മിക്കുന്നത്. ഇനി അവശേഷിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് ഇതുവരെ ലഭിച്ചിട്ടില്ല.

രണ്ടുനില കെട്ടിടം

രണ്ടുനില കെട്ടിടത്തിന്റെ നിർമ്മാണമാണ് കർബലയിൽ നടക്കുന്നത്. കാബിനുകൾക്ക് പുറമേ ഇനി വൈദ്യുതീകരം കൂടി നടക്കാനുണ്ട്. ഇപ്പോഴത്തെ നിലയിൽ മുന്നോട്ട് പോയാൽ അടുത്ത കാലത്തെങ്ങും ഫോറത്തിന്റെ പ്രവർത്തനം ഇവിടേക്ക് മാറ്റാനാവില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കൂടുതൽ സ്ഥലസൗകര്യമുള്ള ഓഫീസിലേക്ക് ഫോറം മാറിയാൽ കേസുകളുടെ തീർപ്പാക്കലും വേഗത്തിലാകും.

വളരെ കുറച്ച് പണി മാത്രമാണ് ഇനി അവശേഷിക്കുന്നത്. അവ എത്രയും വേഗം പൂർത്തിയാക്കണമെന്ന് പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മുഹമ്മദ് ഇബ്രാഹിം (ഉപഭോക്തൃ തർക്ക പരിഹാരം ഫോറം ജില്ലാ പ്രസിഡന്റ്)