 
ഓച്ചിറ: ആഴക്കടൽ മത്സ്യബന്ധന ഇടപാടിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ഫിഷറീസ് വകുപ്പ് മന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് മത്സ്യമേഖലാ സംരക്ഷണസമിതി ആഹ്വാനം ചെയ്ത തീരദേശ ഹർത്താൽ ആലപ്പാട് പഞ്ചായത്തിൽ പൂർണം. ഇന്നലെ രാവിലെ 6 മുതൽ വൈകിട്ട് 6 വരെയായിരുന്നു ഹർത്താൽ. വെളുപ്പിന് നാലു മണിക്ക് മുമ്പ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഹാർബർഗേറ്റ് ഉപരോധിച്ചു. മൽസ്യബന്ധന യാനങ്ങൾ ഒന്നും കടലിൽ ഇറങ്ങിയില്ല.
ചെറിയ വാക്ക് തർക്കം
കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ അഴീക്കൽ പാലം ഉപരോധിച്ചതിനാൽ അഴീക്കൽ ഹാർബറിലേക്ക് വാഹനങ്ങൾക്ക് എത്തിയില്ല. യു.ഡി.എഫ് അനുകൂല സംഘടനകളും ധീവരസഭയും അരയ കരയോഗങ്ങളും ലത്തീൻ കത്തോലിക്ക ഐക്യവേദിയും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. രാവിലെ ഹാർബർ ഗേറ്റിന് മുൻപിൽ സി.ഐ.ടി.യു പ്രവർത്തകരും കോൺഗ്രസ്, ഐ.എൻ.ടി.യു.സി പ്രവർത്തകരും തമ്മിൽ വാക്ക് തർക്കമുണ്ടായ തൊഴിച്ചാൽ ഹർത്താൽ സമാധാനപരമായിരുന്നു.