snehaveedu
ചിറക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ കുഞ്ഞിഅമ്മയ്ക്ക് നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽദാനം ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലാദേവി നിർവഹിക്കുന്നു

ചാത്തന്നൂർ: റെയിൽവേ പുറമ്പോക്കിലെ ഇടിഞ്ഞുപൊളിഞ്ഞ വീടിന്റെ അരക്ഷിതാവസ്ഥയിൽ നിന്ന് സ്വന്തം വീട്ടിലേയ്ക്ക് ചേക്കേറി കുഞ്ഞിഅമ്മ. കുടുംബശ്രീയുടെ നേതൃത്വത്തിൽ നന്മയുള്ളവർ കൈകോർത്തതോടെ കുഞ്ഞിഅമ്മയ്ക്ക് സ്നേഹവീട് ഒരുങ്ങുകയായിരുന്നു.

പുറമ്പോക്ക് ഭൂമിയായതിനാൽ സർക്കാർ പദ്ധതികളിൽ ഉൾപ്പെടുത്തി കുഞ്ഞിഅമ്മയ്ക്ക് വീട് അനുവദിക്കാൻ സാധിക്കില്ലെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചതിനെ തുടർന്നാണ് ചിറക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് മുന്നിട്ടിറങ്ങിയത്. കുടുംബശ്രീ യൂണിറ്റുകളിൽ നിന്ന് 1,79,530 രൂപ സമാഹരിച്ചു. ഇതിനുപുറമെ വ്യക്തികൾ, സഹകരണ ബാങ്കുകൾ, പഞ്ചായത്ത്‌ അംഗങ്ങൾ, മുൻ അംഗങ്ങൾ, പഞ്ചായത്ത്‌ ജീവനക്കാർ തുടങ്ങിയവരും സംഭാവനയും നിർമ്മാണ സാധനങ്ങളും എത്തിച്ചുനൽകി. നിർമ്മാണ ചുമതലയും സി.ഡി.എസ് തന്നെ ഏറ്റെടുക്കുകയായിരുന്നു.

മാലാക്കായലിൽ നടന്ന ചടങ്ങിൽ ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലാദേവി താക്കോൽദാനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ദേവദാസ് അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ഉഷാകുമാരി, മെമ്പർ സെക്രട്ടറി ആർ. രാജേഷ്, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശകുന്തള, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ മിനിമോൾ ജോഷ്, സുദർശനൻപിള്ള, പഞ്ചായത്ത് അംഗങ്ങളായ ദിലീപ് ഹരിദാസൻ, വിനിതാ ദിപു, ജയകുമാർ, രജനീഷ്, രാഗിണി, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദിപു തുടങ്ങിയവർ പങ്കെടുത്തു.