water
കടുത്ത വേനലിൽ വാടിയ കൃഷിയിടത്തിൽ മജീദ്

പത്തനാപുരം: കൊടും വേനലിൽ നാട് ചുള്ളുപൊള്ളുന്നു. ഏക്കറുകണക്കിന് കൃഷിയിറക്കി കാത്തിരിക്കുന്ന കർഷകന്റെ നെഞ്ചിലും തീ തന്നെ. വിളകൾ പാകമെത്തിയപ്പോൾ വെള്ളമില്ലാത്തത് കൃഷിയെ വല്ലാതെ ബാധിക്കുന്നുണ്ട്. കൃഷിക്ക് വേണ്ടി ജലസേചനം നടത്തുന്ന കെ.ഐ.പി വലതുകര കനാലിൽ നിന്നും സബ് കനാൽ വരുന്ന പുന്നല ആനകുളത്തെ ചെറിയ ഷട്ടർ ഉയർത്തി നൽകിയാൽ കരിമ്പാലൂർ ഭാഗങ്ങളിൽ നൂറ് കണക്കിന് കർഷകർക്കും മറ്റുള്ളവർക്കും ആശ്വാസമാകും. .എന്നാൽ ആനകുളത്തെ സബ് വേയിൽ നിന്ന് കരിമ്പാലൂരിനെ ഒഴിവാക്കി മറ്റ് പ്രദേശത്തേക്ക് ജലം ഒഴുക്കി വിടുന്നതായും പ്രദേശവാസികൾ പറയുന്നു.

കൃഷി നശിക്കുന്നു

വെള്ളമില്ലാതെ ഏക്കറുകണക്കിന് കൃഷി നശിക്കുന്നതിന്റെ വിഷമത്തിലാണ് കർഷകനായ പുന്നല കരിമ്പാലൂർ സ്വദേശി മജീദ്. ഏകദേശം രണ്ട് ഏക്കറിലധികം കര പ്രദേശവും വയലിലുമായി കൃഷിയിറക്കിയിട്ടുണ്ട്. രണ്ടായിരത്തിലധികം മൂട് മരചീനി, അഞ്ച് ഇനങ്ങളിലായി അഞ്ഞൂറിലേറെ വാഴകൾ, കാച്ചിൽ, ചേന, ചേമ്പ്,പയർ,പാവൽ,ചീര, കോവൽ, തെങ്ങ്, കമുക ടക്കം നിഴവധി കൃഷികളാണ് ചെയ്ത് വരുന്നത്. മൊത്തത്തിൽ മൂന്ന് ലക്ഷത്തിലധികം രൂപ ഇതുവരെ ചെലവായതായി മജീദ് പറയുന്നു.

വറ്റി വരണ്ട് കിണറുകളും ഏലാകളും

വെള്ളമില്ലാതെ പ്രദേശത്തെ നീർത്തടങ്ങളും കിണറുകളും ഏലാകളും വറ്റിവരണ്ട അവസ്ഥയിലാണ്. ഇനിയും വേനൽച്ചൂട് ശക്തമായാൽ കൃഷി കൂടുതൽ കരിഞ്ഞുണങ്ങുമെന്ന ഭീതിയിലാണ് കർഷകർ.കൃഷി വകുപ്പിന്റെ ഇടപെടലും ഇവർ പ്രതിക്ഷിക്കുന്നുണ്ട്.