
കൊല്ലം: കഴിഞ്ഞദിവസം രാത്രിവൈകിയും കോർപ്പറേഷൻ ഓഫീസിൽ നടന്നത് നടപ്പുവർഷത്തെ പദ്ധതികൾക്ക് ആസൂത്രണസമിതി അംഗീകാരം വാങ്ങുന്നതിനുള്ള ജോലികളായിരുന്നെന്ന് മേയർ പ്രസന്ന ഏണസ്റ്റ് പറഞ്ഞു. ബഡ്ജറ്റ് അട്ടിമറിക്കുന്നതായി ആരോപിച്ച് കഴിഞ്ഞദിവസം രാത്രി ബി.ജെ.പിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധം നടന്നതിനെക്കുറിച്ച് കൗൺസിൽ യോഗത്തിൽ പ്രതികരിക്കുകയായിരുന്നു മേയർ.
മാർച്ച് 31ന് മുൻപ് നടപ്പിലാക്കേണ്ട പദ്ധതികളുടെ പേപ്പർ ജോലികളാണ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്നത്. കൊവിഡ് സാഹചര്യത്തിൽ കഴിഞ്ഞ വർഷത്തെ ബഡ്ജറ്റ് ചെലവിൽ കുറവുണ്ടായിരുന്നു. ഇതിൽ വർദ്ധനവ് വരുത്തുന്നതിനായി അടിയന്തര നടപടി സ്വീകരിച്ചതിന്റെ ഭാഗമായാണ് രാത്രി വൈകിയും ജോലികൾ നടന്നത്. പ്രതിഷേധത്തിനിടെ മേയറുടെ വാഹനത്തിന് കേടുപാട് വരുത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മേയർ പറഞ്ഞു.
മേയറെ മോഷ്ടാവെന്ന് വിളിച്ച് നവമാദ്ധ്യമങ്ങളിൽ പോസ്റ്റിട്ട കടപ്പാക്കട കൗൺസിലർ കൃപാ വിനോദ് മാപ്പുപറയണമെന്ന് ഭരണപക്ഷത്ത് നിന്ന് അഭിപ്രായമുയർന്നു. നിയമവിദ്യാർത്ഥി കൂടിയായ കൗൺസിലർ യുക്തമായ തീരുമാനമെടുക്കട്ടെ എന്നായിരുന്നു മേയറുടെ പ്രതികരണം.
നടന്നത് പൊറാട്ട് നാടകം: ഡെപ്യൂട്ടി മേയർ
കഴിഞ്ഞ ദിവസം രാത്രി നഗരസഭാ ഓഫീസിന് മുന്നിൽ നടന്നത് പൊറാട്ട് നാടകമാണെന്ന് ഡെപ്യൂട്ടി മേയർ കൊല്ലം മധു പറഞ്ഞു. വികസനം കൊണ്ടുവരാനായി അഹോരാത്രം പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ മനസിലാക്കാൻ ഹൃദയവിശാലതയാണ് ആവശ്യം. അഴിമതി ആരോപണം ഉന്നയിക്കുമ്പോൾ അതേപ്പറ്റി വ്യക്തമായി പഠിക്കാനും തെളിവുകൾ കണ്ടെത്താനും ശ്രമിക്കണമെന്നും ഡെപ്യൂട്ടി മേയർ പറഞ്ഞു.
പ്രതിഷേധത്തിന് പിന്നിൽ ഗൂഢാലോചനയെന്ന്
രാത്രി ഒൻപത് വരെ ഒരേമനസോടെ ഒപ്പം നിന്ന കൗൺസിലർമാർ സ്ഥാപിത ലക്ഷ്യത്തോടെ ഗൂഢാലോചന നടത്തിയ ശേഷമാണ് രാത്രിയിൽ പ്രതിഷേധം നടത്തിയതെന്ന് മേയർ പറഞ്ഞു. വികസനത്തിനെതിരെ തുഴയുന്നവരുടെ തുഴ വാങ്ങിവയ്ക്കുക മാത്രമല്ല അവരെ ചേർത്തുനിറുത്തി മുന്നോട്ട് തുഴയുക തന്നെ ചെയ്യും. ഒരു സുപ്രഭാതത്തിൽ ഓടിളക്കിയോ മതിലുചാടിയോ അല്ല പൊതുപ്രവർത്തനത്തിലേക്ക് എത്തിയത്.
തന്റെ മനസിൽ ഭരണ - പ്രതിപക്ഷ വ്യത്യാസമില്ല. എന്നിൽ നിന്ന് അനാവശ്യമായ വാക്കുകൾ കേൾക്കണമെന്ന ഉദ്ദേശത്തോടെ കൗൺസിലർമാർ പ്രകോപിപ്പിച്ചു. അത്തരം വാക്കുകൾ തന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നത് സ്വപ്നം മാത്രമാണെന്നും കൗൺസിലർമാർ മുനിസിപ്പൽ നിയമ പുസ്തകം വായിക്കുന്നത് നന്നായിരിക്കുമെന്നും യോഗത്തിൽ മേയർ പറഞ്ഞു.