കരുനാഗപ്പള്ളി: ഓൺലൈൻ പഠനത്തിനായി സ്മാർട്ട് ഫോൺ ഇല്ലാതിരുന്ന ചെറിയഴീക്കൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ലെ 8-ാം ക്ളാസ് വിദ്യാർത്ഥി മഹാദേവന് പഠന സൗകര്യമൊരുക്കി വിദ്യാർത്ഥികൾ മാതൃകയായി . അദ്ധ്യാപകർ ഓൺലൈനിലൂടെ നൽകുന്ന പഠന പ്രർത്തനങ്ങൾ ചെയ്യാൻ ഭിന്നശേഷിക്കാരനായ മഹാദേവൻ ആശ്രയിച്ചിരുന്നത് അയൽ വീടുകളിലെ മൊബൈൽ ഫോണായിരുന്നു. മഹാദേവന്റെ അച്ഛൻ പുഷ്പരാജനും ഭിന്നശേഷിക്കാരനാണ് . പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയിരുന്ന മഹാദേവന്റെ ആവശ്യം മനസിലാക്കിയ സഹപാഠികൾ ഇതിനായി പണം സമാഹരിച്ച് വരികയായിരുന്നു. ഇക്കാര്യം മനസിലാക്കിയ പൂർവ വിദ്യാർത്ഥിയും റാങ്ക് ജേതാവുമായിരുന്ന ജോയി ഐ കെയർ സ്മാർട്ട് ഫോൺ വാങ്ങി നൽകാൻ സമ്മതിക്കുകയായിരുന്നു .മഹാദേവന്റെ തുടർപഠനത്തിന് വേണ്ട എല്ലാ സഹായങ്ങളും നൽകുമെന്നും അദ്ദേഹം ഉറപ്പ് നൽകി തുടർന്ന് മഹാദേവന്റെ വീട്ടിലെത്തി ജോയി .ഐ. കെയറും പ്രഥമാദ്ധ്യാപിക സിന്ധുവും ചേർന്ന് സ്മാർട്ട് ഫോൺ മഹാദേവന് കൈമാറി . ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് രഘു ,കെ.ജെ. മുരുകൻ ,വിദ്യാർത്ഥി പ്രതിനിധി മാതുരൻ ,സ്റ്റാഫ് സെക്രട്ടറി വിളയിൽ ഹരികുമാർ എന്നിവർ പങ്കെടുത്തു.