 
ചാത്തന്നൂർ: നിറുത്തിവച്ചിരുന്ന വയൽ നികത്തൽ വീണ്ടും ആരംഭിച്ചു. നേരത്തേ ഡി.വൈ.എഫ്.ഐ അടക്കമുള്ള സംഘടനകൾ രംഗത്ത് വന്നതിനെ തുടർന്ന് പാലവിള ഇടനാട് മേഖലയിൽ നിലംനികത്തൽ നിറുത്തി വച്ചിരുന്നു. ഇപ്പോൾ സ്റ്റാൻഡേഡ് ജംഗ്ഷന് തെക്കു വശത്തായി റോയൽ ആശുപത്രിയുടെ പിറകിൽ വേടൻകുന്ന് ഏലായാണ് നികത്തുന്നത്. രാത്രികാലങ്ങളിൽ കെട്ടിടാവശിഷ്ടങ്ങൾ അടക്കം എത്തിച്ചാണ് ഏലായുടെ ഉൾഭാഗത്തേക്ക് പോകുന്നതിന് വഴി നിർമ്മിച്ചത്. ഇപ്പോൾ നികത്തി കൊണ്ടിരിക്കുന്ന വയലേല നെൽവയൽ നീർത്തട സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരുന്നതാണെന്നും ഇത് നികത്താൻ റവന്യൂ വകുപ്പ് അനുമതി നൽകിയിട്ടില്ലെന്നും മീനാട് വില്ലേജ് അധികൃതർ പറയുന്നു. വയൽ നികത്തലിനെതിരെ കേരള കൗമുദി തുടർച്ചയായി വാർത്ത നൽകിയതോടെയാണ് വിവിധ സംഘടനകൾ പ്രതിഷേധവുമായെത്തി പല തവണ വയൽ നികത്തൽ നിറുത്തിച്ചത്.