 
കുന്നത്തൂർ : ആഴക്കടൽ മത്സ്യബന്ധ കരാറിലൂടെ കേരളത്തിലെ മത്സ്യ തൊഴിലാളികളെ വഞ്ചിക്കാൻ ശ്രമിച്ച മന്ത്രി മേഴ്സിക്കുട്ടിഅമ്മ മാപ്പ് പറഞ്ഞ് രാജി വയ്ക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് ആഴക്കടൽ മത്സ്യബന്ധന അഴിമതി പുറത്ത് കൊണ്ടു വന്നപ്പോൾ അങ്ങനെയൊരു കരാറിനെ കുറിച്ചോ കമ്പനിയെ കുറിച്ചോ അറിയില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. കമ്പനി അധികൃതരുമായുള്ള കൂടിക്കാഴ്ചയുടെ ഫോട്ടോ സഹിതം തെളിവുകൾ പുറത്തുവിട്ടപ്പോൾ രമേശ് ചെന്നിത്തലയ്ക്ക് സമനില തെറ്റിയെന്നായിരുന്നു മന്ത്രിയുടെ പരിഹാസം. കരാറിൽ ഒപ്പിട്ടിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും ഇപ്പോൾ കരാർ റദ്ദാക്കി ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്നതെന്തിനെന്ന് വ്യക്തമാക്കണം ബിന്ദു കൃഷ്ണ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നിലപാടിലും സംസ്ഥാന സർക്കാരിന്റെ പിൻവാതിൽ നിയമനത്തിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നൈറ്റ് മാർച്ചിന്റെ സമാപനം ഭരണിക്കാവിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് കല്ലട നിഥിൻ അദ്ധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് നേതാക്കളായ ദിനേശ് ബാബു,അനുതാജ്,ആർ.അരുൺ രാജ്,ഉണ്ണി ഇലവിനാൽ,വിപിൻ സിജു, സുഹൈൽ അൻസാരി കോൺഗ്രസ് നേതാക്കളായ പി.രാജേന്ദ്രപ്രസാദ്,എം.വി ശശികുമാരൻ നായർ,വൈ.ഷാജഹാൻ,തോമസ് വൈദ്യൻ,കാഞ്ഞിരവിള അജയകുമാർ,രവി മൈനാഗപ്പള്ളി,തൃദീപ് കുമാർ,തുണ്ടിൽ നൗഷാദ്,റെജി കുര്യൻ എന്നിവർ സംസാരിച്ചു.