 
കൊല്ലം: ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ ഫ്ലഡ് ലൈറ്റ് സ്ഥാപിക്കാൻ നഗരസഭ വിശദമായ രൂപരേഖ തയ്യാറാക്കിത്തുടങ്ങി. ഫ്ലഡ് ലൈറ്റുകൾക്കൊപ്പം ടർഫ് കൂടി സ്ഥാപിച്ചാൽ ഫുട്ബാൾ ടൂർണമെന്റുകൾ അടക്കമുള്ളവ മികച്ച നിലയിൽ സംഘടിപ്പിക്കാനാൻ കഴിയും. സ്റ്റേഡിയത്തിന്റെ വിസ്തൃതിക്ക് അനുസരിച്ചുള്ള പ്രകാശസംവിധാനമാകും ഒരുക്കുക. ഇതിനായി കോർപ്പറേഷനിലെ എൻജിനിയറിംഗ് വിഭാഗം കഴിഞ്ഞ ദിവസം സ്റ്റേഡിയം സന്ദർശിച്ച് ഏകദേശ വിസ്തൃതി കണക്കാക്കി.
മൂന്നാഴ്ചയ്ക്കുള്ളിൽ പ്രാഥമിക രൂപരേഖ
ഫ്ലഡ് ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിനോ തദ്ദേശസ്വയംഭരണ വകുപ്പിനോ അംഗീകൃത നിരക്കുകളില്ല. അതുകൊണ്ടുതന്നെ വിശദരൂപരേഖ തയ്യാറാക്കിയ ശേഷം വിവിധ കമ്പനികളുമായി ആലോചിച്ച ശേഷമാകും അന്തിമ എസ്റ്റിമേറ്റിലേക്ക് കടക്കുക. അന്താരാഷ്ട്ര നിലവാരത്തിലുള്ള കമ്പനികളുടെ എൽ.ഇ.ഡി ലൈറ്റുകളാകും നഗരസഭ നിർദ്ദേശിക്കുക. തുടർന്ന് ടവറുകൾ സ്ഥാപിക്കുന്നതിന് ടെൻഡർ ക്ഷണിക്കും. മൂന്നാഴ്ചയ്ക്കുള്ളിൽ പ്രാഥമിക രൂപരേഖ തയ്യാറാകും.
സ്ഥാപിക്കുക ആറ് ടവറുകൾ
ആറ് ടവറുകൾ സ്ഥാപിക്കാനാണ് ആലോചന. ഒരേ സമയം കത്തുന്ന എൽ.ഇ.ഡി ലൈറ്റുകളുടെ എണ്ണം കൂട്ടിയും കുറച്ചുമാകും പ്രകാശം ക്രമീകരിക്കുക. ടവറുകളും ലൈറ്രുകളും സ്ഥാപിക്കുമ്പോൾ കടൽക്കാറ്റേറ്റ് തുരുമ്പെടുക്കാതിരിക്കാനുള്ള മുൻകരുതൽ, ഗ്രൗണ്ടിൽ നിഴൽ പതിക്കാതിരിക്കാനുള്ള സംവിധാനം തുടങ്ങിയ ഘടകങ്ങളും പരിശോധിക്കും
ചെലവ് പ്രതീക്ഷിക്കുന്നത്: 2.5 കോടി