 
കൊല്ലം: കൊട്ടാരക്കര പ്രിൻസിപ്പൽ സബ് രജിസ്ട്രാർ ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കും, അത്യാധുനിക സംവിധാനങ്ങളോടെ കെട്ടിടം നിർമ്മിക്കുന്നതിനായി ഒന്നര കോടി രൂപ അനുവദിച്ചതിന് ഭരണാനുമതിയായി. രണ്ട് നില കെട്ടിടമാണ് നിർമ്മിക്കുക. കൊട്ടാരക്കര സബ് ജയിലിന് അടുത്ത് പ്രവർത്തിക്കുന്ന അഡീഷണൽ സബ് രജിസ്ട്രാർ ഓഫീസ് വളപ്പിലാണ് പുതിയ മന്ദിരം നിർമിക്കുന്നത്. ആദ്യനിലയിൽ സബ് രജിസ്ട്രാർ ഓഫീസറുടെ മുറി,സ് റ്റാഫുകൾക്കുള്ള പ്രത്യേക കാബിനുകൾ, ഡൈനിംഗ് ഏരിയ, സന്ദർശകർക്കുള്ള വിശ്രമകേന്ദ്രം, സ്ത്രീകൾക്കും പുരുഷൻമാർക്കും ഭിന്നശേഷിക്കാർക്കുമുള്ള പ്രത്യേക ടോയ്ലറ്റുകൾ, രജിസ്റ്റേഡ് ആധാരം എഴുത്തുകാർക്കുള്ള പ്രത്യേക എഴുത്തുവിഭാഗം എന്നിവ ക്രമീകരിക്കും. മുകളിലത്തെ നിലയിൽ റെക്കോർഡ് റൂമിനുള്ള സൗകര്യമാണ് ക്രമീകരിച്ചിട്ടുള്ളത്. ആകെ 3228 ചതുരശ്ര അടി വിസ്തീർണമുള്ള മന്ദിരമാണ് നിർമ്മിക്കുക.
സിവിൽ സ്റ്റേഷൻ വളപ്പിൽ നിന്ന് മാറും
കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷൻ വളപ്പിലാണ് നിലവിൽ കൊട്ടാരക്കര പ്രിൻസിപ്പൽ സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിക്കുന്നത്. നിലവിൽ പ്രവർത്തിക്കുന്ന സ്ഥലത്ത് കാന്റീൻ സൗകര്യം ഏർപ്പെടുത്താൻ നേരത്തെ ശ്രമം നടത്തിയിരുന്നുവെങ്കിലും വ്യാപക എതിർപ്പുണ്ടായിരുന്നു. സിവിൽ സ്റ്റേഷൻ വളപ്പിൽത്തന്നെ സബ് രജിസ്ട്രാർ ഓഫീസും പ്രവർത്തിക്കുന്നത് പൊതുജനങ്ങൾക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തിയിരുന്നത്. എന്നാൽ ഇപ്പോൾ ഒന്നര കിലോമീറ്റർ ദൂരത്ത് സബ് ജയിലിന് സമീപത്തേക്ക് മാറ്റാനാണ് തീരുമാനം. ഇവിടെ അഡീഷണൽ സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിക്കുന്നുണ്ട്. ഇതിനൊപ്പം ഇനി പുതിയ കെട്ടിടം നിർമ്മിച്ച് പ്രിൻസിപ്പൽ സബ് രജിസ്ട്രാർ ഓഫീസും ചേർക്കാനാണ് തീരുമാനം.