
കൊല്ലം: കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ സെക്ടറൽ ഓഫീസർമാരായി ജോലിയെടുത്ത വില്ലേജ് ഓഫീസർമാർക്കും വില്ലേജ് ഓഫീസുകളിലെ ജീവനക്കാർക്കും ഇതുവരെ അലവൻസ് അനുവദിച്ചില്ല. മൂന്ന് ദിവസത്തെ ജോലിക്ക് 850 രൂപ വീതമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇവർക്ക് അലവൻസ് നിശ്ചയിച്ചിരുന്നത്.
റിട്ടേണിംഗ് ഓഫീസർമാർ, പോളിംഗ് ജീവനക്കാർ, പൊലീസുകാർ തുടങ്ങി തിരഞ്ഞെടുപ്പ് ജോലിയുണ്ടായിരുന്ന മറ്റെല്ലാവർക്കും തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ അലവൻസ് അനുവദിച്ചു. പക്ഷെ സെക്ടറൽ ഓഫീസർമാരുടെ കാര്യം മറന്നു. മറ്റ് ജില്ലകളിലെ സെക്ടറൽ ഓഫീസർമാർക്കും അലവൻസ് ലഭിച്ചു. കളക്ടറാണ് അലവൻസ് അനുവദിച്ച് റിട്ടേണിംഗ് ഓഫീസർമാർക്ക് കൈമാറേണ്ടത്. പക്ഷെ ഈ നടപടി ഇതുവരെ നടന്നിട്ടില്ല.
ഒരു സെക്ടറൽ ഓഫീസർക്ക് 18 മുതൽ 20 വരെ ബൂത്തുകളുടെ ചുമതലയാണ് ഉണ്ടായിരുന്നത്. ഏകദേശം 145 പേരെയാണ് ജില്ലയിൽ നിയോഗിച്ചിരുന്നത്. തിരഞ്ഞെടുപ്പിന് പിന്നാലെ ഇവരിൽ കുറച്ചുപേർക്ക് കൊവിഡും ബാധിച്ചിരുന്നു.
 സെക്ടറൽ ഓഫീസർ
പോളിംഗ് സുഗമമായി നടത്തുന്നതിന് പോളിംഗ് ഓഫീസർമാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കലാണ് സെക്ടറൽ ഓഫീസർമാരുടെ പ്രധാന ജോലി. പോളിംഗ് സ്റ്റേഷനുകളിൽ വൈദ്യുതി, വെളിച്ചം, പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യം മുതലായവയുണ്ടെന്ന് ഉറപ്പാക്കൽ, പോളിംഗ് ഉപകരണങ്ങൾ കേടായാൽ കൃത്യസമയത്ത് എത്തിക്കൽ, വോട്ടർപട്ടികയിൽ എല്ലാ പേജുകളുമില്ലെങ്കിൽ പുതിയത് എത്തിക്കൽ ഇങ്ങനെ നീളുന്നു ഇവരുടെ ജോലി.