 
കരുനാഗപ്പള്ളി : ആഴക്കടൽ മത്സ്യബന്ധനം സ്വകാര്യമേഖലയ്ക്ക് നൽകുന്നെന്ന പേരിൽ പച്ചക്കള്ളം പ്രചരിപ്പിക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നതെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. കാഷ്യൂനട്ട് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) കരുനാഗപ്പള്ളി ഏരിയ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആഴക്കടൽ സ്വകാര്യമേഖലയ്ക്ക് വിട്ട് കൊടുക്കില്ല എന്ന ഉറച്ച നിലപാടാണ് എൽ.ഡി.എഫ് സർക്കാരിനുള്ളത്. കോൺഗ്രസിന്റെ പ്രധാനമന്ത്രി നരസിംഹറാവുവാണ് കടലിനെ പരദേശികൾക്ക് വിറ്റതെന്ന വസ്തുത മനസിലാക്കണം. ബ്ലൂ ഇക്കോണമി എന്ന പേരിൽ തൊഴിലാളികളെ ഒറ്റുകൊടുക്കുന്ന തീരുമാനങ്ങൾ കേന്ദ്ര സർക്കാർ കൊണ്ടുവന്നിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഇതിനെതിരെ ശക്തമായ പ്രക്ഷോഭത്തിലാണ് സി.ഐ.ടി.യു ഉൾപ്പടെയുള്ള തൊഴിലാളി സംഘടനകൾ. അടിസ്ഥാന ജനവിഭാഗങ്ങളെ സംരക്ഷിക്കുക എന്ന നയമാണ് പിണറായി സർക്കാർ പിൻതുടരുന്നത്. . കശുഅണ്ടി മേഖലയിൽ സ്വകാര്യ വ്യവസായികൾ എടുത്ത വായ്പയുടെ പലിശ സർക്കാർ കൊടുത്തത് കേരളത്തിന്റെ ചരിത്രത്തിൽ ആദ്യ സംഭവമാണ്. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ 2011 മുതൽ കശുഅണ്ടി തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി കുടിശിക വരുത്തിയിരുന്നു. ഈ കുടിശിക പൂർണമായും എൽ.ഡി.എഫ് സർക്കാരാണ് കൊടുത്തു തീർത്തത് മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. പുത്തൻതെരുവിൽ സംഘടിപ്പി കൺവെൻഷനിൽ കാപ്പക്സ് ചെയർമാൻ പി.ആർ .വസന്തൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി ഡി .രാജൻ, സി.ഐ.ടി.യു ഏരിയാ കമ്മിറ്രി സെക്രട്ടറി എ അനിരുദ്ധൻ, സി.പി. എം ജില്ലാ കമ്മിറ്റി അംഗം സി .രാധാമണി തുടങ്ങിയവർ സംസാരിച്ചു.