 
കരുനാഗപ്പള്ളി: കൊടും വേനലിൽ കരുനാഗപ്പള്ളിയുടെ ജലസ്രോതസുകൾ വറ്റി വരണ്ടു. കിണറുകളിലെ വെള്ളവും വറ്റി തുടങ്ങിയതോടെ ശുദ്ധജല വിതരണം ഭീഷണിയിൽ. നിരവധി കുടുംബങ്ങൾ പൈപ്പ് വെള്ളത്തെ ആശ്രയിക്കാൻ തുടങ്ങി. പ്രധാനപ്പെട്ട നീർച്ചാലുകളും തണ്ണീർത്തടങ്ങളും വറ്റി വരണ്ട് കിടക്കുന്നു. ടി.എസ് കനാലുമായി ബന്ധപ്പെട്ട് കിടക്കുന്ന ചെറു നീർച്ചാലുകളും വറ്റിത്തുടങ്ങി. ഭൂർഗർഭ ജലത്തിന്റെ അളവ് ക്രമാതീതമായി താഴ്ന്നു തുടങ്ങിയതാണ് നാട്ടുകാർക്ക് വിനയാകുന്നത്. മഴ സീസണിൽ വെള്ളം കെട്ടി നിറുത്താൻ കഴിയാതെ കടലിലേക്ക് ഒഴുകി പോകുന്നതാണ് ഭൂഗർഭ ജലത്തിന്റെ അളവ് ഗണ്യമായി കുറയാൻ കാരണമെന്ന് പറയുന്നു.
ടാങ്കർ ലോറികളിൽ വെള്ളം
വയലുകളും തണ്ണീർ തടങ്ങളും വ്യാപകമായി നികത്തുന്നതും മഴ വെള്ള സംഭരണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കരുനാഗപ്പള്ളിയുടെ കായൽ തീരങ്ങളിൽ താമസിക്കുന്നവർ പൈപ്പ് വെള്ളത്തെയാണ് പൂർണമായും ആശ്രയിക്കുന്നത്. ഓച്ചിറ കുടിവെള്ള പദ്ധതിയിൽ നിന്നുള്ള വെള്ളവും കുഴൽ കിണറുകളിൽ നിന്ന് പമ്പ് ചെയ്യുന്ന വെള്ളവുമാണ് ജനങ്ങൾക്ക് ആശ്രയം. നാട്ടുകാരുടെ ആവശ്യങ്ങൾ പൂർണമായും പരിഹരിക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ടാങ്കർ ലോറികളിൽ വെള്ളം എത്തിച്ച് തുടങ്ങി. ഉപഭോക്താക്കളുടെ എണ്ണം വർദ്ധിച്ചതോടെ ഒന്നിടവിട്ടുള്ള ദിവസങ്ങളിലാണ് ഓരോ സ്ഥലത്തും വെള്ളം എത്തിക്കുന്നത്.
ഭൂഗർഭ ജലത്തിന്റെ അളവ് കുറയുന്നു
ഓച്ചിറ കുടിവെള്ള പദ്ധതിയുടെ പമ്പിംഗ് സ്റ്റേഷനായ കണ്ടിയൂർക്കടവിൽ വൈദ്യുതി ബന്ധത്തിൽ ഉണ്ടാകുന്ന തകരാറ് വെള്ളത്തിന്റെ പമ്പിംഗിനെ പ്രതികൂലമായി ബാധിക്കുന്നു. 16 വർഷത്തിന് മുമ്പ് ആലപ്പാട്ട് ആഞ്ഞടിച്ച സുനാമി തിരമാലകൾ ഭൂമിയുടെ അന്തർഭാഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിച്ചതായി ഗവേഷണ പഠനങ്ങൾ വ്യക്തമാക്കുന്നു. ഭൂമിയുടെ അന്തർ ഭാഗത്ത് വെള്ളം കെട്ടി നിൽക്കുമായിരുന്ന കുഴികൾ അടഞ്ഞെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. അത് ഭൂഗർഭ ജലത്തിന്റെ അളവ് കുറയാൻ ഇടയാക്കിയിട്ടുണ്ട്. ഇനിയുള്ള കാലയളവിൽ കുഴൽ കിണറുകളെ മാത്രം ആശ്രയിച്ച് കുടി വെള്ളം നൽകാനാകുകയില്ലെന്ന് ഈ മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നു. കഠിനമായ വേനലിനെ മുന്നിൽ കണ്ട് ദീർഘകാലാടിസ്ഥാനത്തിലുള്ള കുടിവെള്ള പദ്ധതികൾ നടപ്പാക്കണമെന്ന ആവശ്യമാണ് ഉയർന്ന് വരുന്നത്.