
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ നാടാകെ അങ്കച്ചൂടിലേക്ക്. സ്ഥാനാർത്ഥികളെ കുറിച്ചുള്ള ചർച്ചകളാണ് എങ്ങും. പ്രമുഖ നേതാക്കൾ സീറ്റിന് വേണ്ടിയുള്ള വടംവലി ശക്തമാക്കിയിട്ടുണ്ട്. ചിലയിടങ്ങളിൽ സ്ഥാനാർത്ഥികളുടെ ചിത്രങ്ങൾ പതിച്ച ഫ്ലക്സ് ബോർഡുകൾ ഉയർന്നുകഴിഞ്ഞു.
രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതോടെ രംഗം കൂടുതൽ കൊഴുക്കും. ഇതോടെ നേതാക്കൾ തമ്മിലുള്ള വാക്പോര് കടുക്കാനും സാദ്ധ്യതയുണ്ട്. രാഷ്ട്രീയ പാർട്ടികൾ ബൂത്ത് തലം മുതൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിനായി എഴുതിയ ചുവരുകളിൽ വീണ്ടും വെള്ള പരന്നു.
ജില്ലയിൽ എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും ജാഥകൾ വന്നുപോയി. ബി.ജെ.പിയുടെ ജാഥ ഈയാഴ്ച കൊല്ലത്ത് എത്തും. ജാഥകൾക്ക് സ്വീകരണം നൽകുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തകർ കൂടുതൽ ഊർജ്ജസ്വലരായിട്ടുണ്ട്. എതിർപാളയത്തിൽ നിന്ന് പ്രവർത്തകരെ തങ്ങൾക്കൊപ്പം കൊണ്ടുവരാനുള്ള നീക്കങ്ങളും രാഷ്ട്രീയ പാർട്ടികൾ നടത്തുന്നുണ്ട്.
 വികസനവും ആരോപണവും ചർച്ചയാകും
സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളാണ് എൽ.ഡി.എഫ് പ്രവർത്തകർ പ്രധാനമായും ചർച്ച ചെയ്യുന്നത്. അതേസമയം യു.ഡി.എഫ്, എൻ.ഡി.എ പ്രവർത്തകർ സർക്കാരിനെതിരെ ഉയർന്ന ആരോപണങ്ങളും നടക്കാതെ പോയ വികസനങ്ങളും പ്രചാരണ ആയുധമാക്കും.
 പ്രതീക്ഷയോടെ വ്യാപാര മേഖല
തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും വന്നതോടെ വിവിധ തൊഴിൽ മേഖലയിലുള്ളവരും പ്രതീക്ഷയിലാണ്. കൊവിഡ് വന്നതോടെ വഴിമുട്ടിയ പ്രസുകൾക്കും മൈക്ക് സെറ്റുകാർക്കും തദ്ദേശ തിരഞ്ഞെടുപ്പ് വലിയ ആശ്വാസമായിരുന്നു. പാർട്ടി ഓഫീസുകളോട് ചേർന്നുള്ള ചായക്കടകളിലും കച്ചവടം കൊഴുത്തു. ചുവരെഴുത്തുകാരുടെ കീശയും ഏറെക്കാലത്തിന് ശേഷം നിറഞ്ഞു.