
കൊല്ലം: കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച ബ്ലൂ ഇക്കോണമി കരട് നയത്തിലെ നിർദ്ദേശങ്ങൾ മത്സ്യത്തൊഴിലാളി വിരുദ്ധമാണെന്നും നയം പിൻവലിക്കണമെന്നും മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. മത്സ്യ ഉത്പാദന വർദ്ധനവിനും ധാതുഖനനത്തിനും വ്യവസായ അടിസ്ഥാന സൗകര്യ വികസനത്തിനും മൂലധന നിക്ഷേപം ആകർഷിക്കാൻ ലക്ഷ്യമിടുന്നതാണ് നയം. എന്നാൽ കടലിനെ ആശ്രയിച്ച് കഴിയുന്ന മത്സ്യത്തൊഴിലാളികളുടെ സാമൂഹ്യ, സാമ്പത്തിക വികസനത്തിനുള്ള നിർദ്ദേശങ്ങളൊന്നും ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
ഇത്തരമൊരു വികസന നയം തയ്യാറാക്കുമ്പോൾ കടലോര സംസ്ഥാനങ്ങളുമായി ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ തയ്യാറാകണമായിരുന്നു. പ്രവിശ്യകളിലെ കടലിൽ നിന്നുള്ള മത്സ്യബന്ധനം ഇന്ത്യൻ ഭരണഘടന പ്രകാരം സംസ്ഥാനങ്ങളുടെ അധികാര പരിധിയിലുള്ള വിഷയമാണ്. എന്നാൽ സംസ്ഥാനങ്ങളുമായി ഇക്കാര്യത്തിൽ യാതൊരുവിധ ചർച്ചയും കേന്ദ്ര സർക്കാർ നടത്തിയിട്ടില്ല. സംസ്ഥാന ഫിഷറീസ് വകുപ്പിന് നയത്തിന്റെ പകർപ്പ് പോലും അയച്ചുതരാൻ കേന്ദ്രം നടപടി സ്വീകരിച്ചില്ല.
മത്സ്യവിഭവ സംരക്ഷണം, പരിപാലനം, മത്സ്യത്തൊഴിലാളി സുരക്ഷ, മത്സ്യ സഹകരണ സംഘങ്ങളുടെ ശാക്തീകരണം, സ്ത്രീ ശാക്തീകരണം തുടങ്ങിയ കാര്യങ്ങളിൽ നയം മൗനം പാലിക്കുകയാണ്. ആഴക്കടൽ മത്സ്യബന്ധനത്തിന് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ പ്രാപ്തരാക്കുക, ചെറുകിട നാമമാത്ര മത്സ്യബന്ധനത്തിന് പ്രോത്സാഹനം, ഇൻഷുറൻസ് പരിരക്ഷ എന്നിവയും നയത്തിന്റെ ഭാഗമാകുന്നില്ല. പി.പി.പി മാതൃകയിൽ സ്വകാര്യ നിക്ഷേപകരെ ആഴക്കടൽ മത്സ്യബന്ധനത്തിന് അനുവദിച്ചാൽ തൊഴിലാളികളെ അണിനിരത്തി അതിനെ ചെറുക്കുമെന്നും മന്ത്രി പറഞ്ഞു.