കുണ്ടറ: ആഴക്കടൽ മത്സ്യബന്ധന ഇടപാടിൽ ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യുവമോർച്ച കുണ്ടറ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മയുടെ കേരളപുരത്തെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഏഴാംകുറ്റിയിൽ നിന്ന് ആരംഭിച്ച മാർച്ച് കേരളപുരം റെയിൽവേ ഗേറ്റിന് സമീപം പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച യുവമോർച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനം ഉദ്ഘാടനം ചെയ്തു. യുവമോർച്ച കുണ്ടറ നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് സനൽ മുകളുവിള അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ഡോ. ബി.ബി. ഗോപകുമാർ, ബി.ജെ.പി കുണ്ടറ നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഇടവട്ടം വിനോദ്, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ശരത്ത് മാമ്പുഴ, മഠത്തിൽ സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കേരളപുരത്ത് ദേശീയപാത ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്ത് മാറ്റി.