തൃശൂർ: നഗരത്തിലെ വ്യാപാര സമുച്ചയങ്ങളും സർക്കാർ കെട്ടിടങ്ങളും ഭിന്നശേഷി സൗഹൃദപരമായിരിക്കണമന്ന് തൃശൂർ കോർപ്പറേഷൻ പ്രഥമ നഗരാസൂത്രണകാര്യ സ്ഥിരം സമിതി യോഗം നിർദേശിച്ചു. ഇതിന്റെ ഭാഗമായി റാമ്പും ഡിസബിലിറ്റി ടോയ്‌ലറ്റും സ്ഥാപിക്കണം. നിലവിൽ തൃശൂർ കോർപറേഷനിൽ ഉൾപ്പെടെ ഭിന്നശേഷിക്കാർക്ക് ഉപകാരപ്രദമായ റാമ്പും ഡിസബിലിറ്റി ടോയ്‌ലറ്റും സ്ഥാപിക്കാനുള്ള നിർദേശം കൗൺസിൽ മുമ്പാകെ കൊണ്ടുവരുമെന്ന് നഗരാസൂത്രണകാര്യ സ്ഥിരം സമിതി ചെയർമാൻ ജോൺ ഡാനിയൽ പറഞ്ഞു.

നഗരവികസനം മുന്നിൽകണ്ടുകൊണ്ട് 'മിഷൻ 2025' പദ്ധതി തയ്യാറാക്കാൻ നഗരാസൂത്രണകാര്യ സ്ഥിരം സമിതി തീരുമാനിച്ചു. ഇതിന്റെ ഡി.പി.ആർ തയ്യാറാക്കുന്നതിന് മുന്നോടിയായി വിദഗ്ദ്ധരെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കും. മിഷൻ 2025ൽ വരുന്ന 25 വർഷത്തെ വികസനം കണ്ടുകൊണ്ടുള്ള വികസന ആശയങ്ങൾ ആയിരിക്കും നടപ്പാക്കുക. നഗരത്തിന് പൊതുവായി ഒരു വികസന നയം രൂപീകരിക്കുക എന്നുള്ളതാണ് 'മിഷൻ 2025' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് നഗരാസൂത്രണകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ പറഞ്ഞു.

യോഗത്തിൽ നഗരാസൂത്രണ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ മുകേഷ് കുളപറമ്പിൽ, വിനേഷ് തയ്യിൽ, സിന്ധു ആന്റോ ചാക്കോള, ശ്യാമള വേണുഗോപാൽ, നീതു ദിലീപ്, ലിജി കെ.ജി, കോർപറേഷൻ സൂപ്രണ്ടിംഗ് എൻജിനിയർ ഷൈബി ജോർജ്ജ്, അസിസ്റ്റന്റ് എക്‌സിക്ക്യൂട്ടിവ് എൻജിനിയർ ബീന തുടങ്ങിയവർ സംബന്ധിച്ചു.