
തൃശൂർ: കൊവിഡ് പോസറ്റീവ് കേസുകൾ കുറയാതെ മുന്നോട്ടു കുതിക്കുമ്പോൾ തടയിടാൻ പൊലീസ് രംഗത്ത്. തൃശൂർ എ.സി.പി വി.കെ. രാജുവിന്റെ നേതൃത്വത്തിൽ ഈസ്റ്റ്, വെസ്റ്റ്, വനിതാ സ്റ്റേഷൻ, ട്രാഫിക് എന്നിവിടങ്ങളിലെ അമ്പത്തോളം പോലീസുകാരാണ് നഗരത്തിലെ കടകളിൽ കയറി ബോധവത്കരണത്തോടൊപ്പം ശക്തമായ താക്കീതും നൽകുന്നത്. അടുത്ത സന്ദർശനത്തിൽ കൊവിഡ് പ്രോട്ടോകോൾ മറികടന്ന് കടകൾ പ്രവർത്തിച്ചാൽ പിഴയ്ക്ക് ഒപ്പം കടകൾ അടപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ജില്ലയിൽ ഭൂരിഭാഗം ദിവസങ്ങളിലും കൊവിഡ് പോസറ്റീവ് കേസുകൾ 500 ന് മുകളിൽ ആണ്. വാക്സിൻ വന്നതോടെ ജനങ്ങൾ ആശങ്ക ഇല്ലാതെ കൂട്ടത്തോടെ പുറത്തിറങ്ങുകയാണ്.
വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ആയിരങ്ങൾ
ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ദിവസവും ആയിരക്കണക്കിനു പേരാണ് എത്തുന്നത്. കുട്ടികളും വയസായവരും ഉൾപ്പടെ ഉള്ളവർ ഇതിൽ ഉണ്ട്. ഞായറാഴ്ച ദിവസങ്ങളിൽ ആണ് കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. ഇന്നലെ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ തളിക്കുളം സ്നേഹ തീരത്ത് ആയിരക്കണക്കിന് പേരാണ് എത്തിച്ചേർന്നത്. ഓണക്കാലത്ത് അനുഭവപ്പെടുന്ന തിരക്കിനെക്കാൾ കൂടുതൽ ആയിരുന്നു ഇന്നലത്തെ തിരക്ക്. പൊലീസിന്റെ നേതൃത്വത്തിൽ മാസ്ക് ഇടാത്തവർക്കെതിരെ പിഴ ഈടാക്കുന്നുണ്ടെങ്കിലും പരിശോധനക്ക് രണ്ടോ മൂന്നോ പോലീസുകാർ മാത്രമാണ് ഉള്ളത്. മാസ്ക് ധരിക്കാത്തവർക്ക് 500 രൂപയാണ് പിഴ ചുമത്തുന്നത്. പീച്ചി, വാഴാനി എന്നിവിടങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ ഇത്തരം കേന്ദ്രങ്ങളിൽ കർശന പരിശോധനകൾ നടത്തുമെന്നു പോലീസ് അറിയിച്ചിട്ടുണ്ട്.