
ജനങ്ങളുടെ പരാതികൾക്കും ആവലാതികൾക്കും ഉടനടി പരിഹാരം നൽകാൻ തൃശ്ശൂർ ജില്ലയിൽ മൂന്ന് മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ 'സാന്ത്വന സ്പർശം' അദാലത്ത് നടക്കുന്നുണ്ട്. റവന്യൂ, ജില്ലാ സപ്ലൈ ഓഫീസർ മുതൽ പ്രിൻസിപ്പൽ കൃഷി ഓഫീസർ അടക്കമുളളവർ പരാതികളുടെ പ്രാഥമിക പരിശോധന നടത്തി, വകുപ്പുകളിലേക്ക് കൈമാറി, അപേക്ഷകൾ ജില്ലാതലം, സംസ്ഥാനതലം എന്നിങ്ങനെ തിരിച്ച് ജില്ലാതലത്തിൽ തീരുമാനമെടുത്ത് വ്യക്തമായ മറുപടി നൽകുമെന്നതാണ് പറയുന്നത്. പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ എത്ര സമയമെടുക്കുമെന്ന് പറയും. ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്റെ വിവരങ്ങളും മറുപടിയിലുണ്ടാകും. സർക്കാരിന്റെ പരിഗണനയോ ഉത്തരവോ ആവശ്യമുള്ള പരാതികൾ സർക്കാറിലേക്ക് സമർപ്പിക്കും. അതിന്റെ ചുമതല ജില്ലാ കളക്ടർക്കാണ്. പക്ഷേ, എത്രയൊക്കെ അദാലത്തുകൾ നടന്നിട്ടും പോംവഴി കണ്ടെത്താത്ത കുറേ പ്രശ്നങ്ങളിലൊന്നാണ് വഴിപ്രശ്നം. തൃശൂരിൽ നിന്ന് കുന്നംകുളത്തേക്കോ, ഗുരുവായൂരിലേക്കോ പോകുന്നവർ സംസ്ഥാനപാതയിലൂടെ യാത്ര ചെയ്യുകയാണെങ്കിൽ ഡ്രൈവറോട് ഒരു സർക്കസുകാരന്റെ മെയ്‌വഴക്കം വേണമെന്ന് പറയണം. പൊതുവാഹനങ്ങളിലെ ഡ്രൈവർമാർക്ക് കാലങ്ങളായി അത് കിട്ടിക്കഴിഞ്ഞു. ആദ്യ രണ്ടുവരിപ്പാത, പിന്നെ നാലുവരി, വീണ്ടും നാലുവരി, ഇടുങ്ങിയ പാലങ്ങൾ, കേച്ചേരി അടക്കമുളള സ്ഥലങ്ങളിൽ കുപ്പിക്കഴുത്തു പോലെയുളള ജംഗ്ഷനുകൾ, കണ്ണുതട്ടാതിരിക്കാനെന്നതു പോലെ അഞ്ചുവർഷക്കാലത്തിനു മുൻപ് പണിത കേച്ചേരി ബസ് സ്റ്റാൻഡ്.. അങ്ങനെ നീണ്ടുപോകുന്നു സാന്ത്വന സ്പർശമില്ലാത്ത കുറേ കാഴ്ചകൾ. മഴപെയ്താൽ താണുപോകുന്ന റോഡുകൾ, വിള്ളലുകൾ, കുഴികൾ, ഇരുട്ടിൽ കാണാനാകാത്ത മീഡിയനുകൾ, അമിതവേഗത്തിലോടുന്ന ലിമിറ്റഡ് സ്റ്റോപ്പുകൾ അങ്ങനെ സംസ്ഥാനപാതയ്‌ക്കു ചേരാത്തതെല്ലാം ഈ പാതയിൽ കാണാം. മന്ത്രിമാരുടേയും എം.എൽ.എമാരുടേയും വാഹനങ്ങൾ പോലും കേച്ചേരിയിൽ കുരുങ്ങുന്നത് കണ്ട് കേച്ചേരിക്കാർ ചിരിക്കും. വൈകിട്ട് നാലുമണി കഴിഞ്ഞാൽ കുരുക്കും തിരക്കും ആ നഗരത്തെ ശ്വാസംമുട്ടിക്കുന്നതു കാണാം. വടക്കൻ ജില്ലകളിലേക്കും കർണ്ണാടകയിലേക്കും ഗോവയിലേയ്ക്കും മഹാരാഷ്ട്രയിലേക്കുമെല്ലാമുളള ചരക്കുലോറികളും വഴിനീളെ കിടക്കുന്നുണ്ടാകും. കച്ചവടക്കാർ സ്ഥലം വിട്ടുനൽകുന്നില്ലെന്നും നാട്ടുകാർ ഭൂമി തന്നില്ലെന്നുമെല്ലാമുളള മുട്ടാപ്പോക്ക് ന്യായം പറഞ്ഞ് എത്രകാലം കണ്ണിൽ പൊടിയിടും? ഇനി തിരഞ്ഞെടുപ്പ് വരുമ്പോൾ ദേശീയപാതയുടെ നീളത്തിലുളള വാഗ്ദാനങ്ങളുടെ ലിസ്റ്റുമായി മുന്നണികളെത്തും. തമ്മിൽ ഭേദമായ തൊമ്മൻമാർ ജയിക്കുമെന്ന് പറഞ്ഞ് ജനങ്ങൾ വീണ്ടും കുരുക്കിലും തിരക്കിലും കിടന്ന് ശ്വാസം മുട്ടും. ആശുപത്രികളിലേക്ക് അത്യാസന്നരോഗികളുമായുളള ആംബുലൻസുകളും മറ്റു വാഹനങ്ങളും കുരുങ്ങുമ്പോൾ നാട്ടുകാർ ഇടപെട്ടാണ് വഴി ശരിയാക്കിക്കൊടുക്കുന്നത്. അതും ജനപ്രതിനിധികളുടെ കൺമുന്നിലാണ് നടക്കുന്നത്.
കേന്ദ്രത്തിന്റെ പണി
മണ്ണുത്തി- വടക്കഞ്ചേരി ആറുവരിപാതയുടെ നിർമാണം വരുന്ന സെപ്‌തംബർ 30നകം പൂർത്തികരിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി അറിയിക്കുന്നത്. റോഡ് നിർമാണം വളരെ മന്ദഗതിയിലാണ് നടക്കുന്നതെന്നും അടിയന്തരമായി പൂർത്തിയാക്കണമെന്നും കാണിച്ച് രമ്യ ഹരിദാസ് എം. പി നൽകിയ കത്തിനുള്ള മറുപടിയിലാണ് മന്ത്രി ഈ കാര്യം രേഖാമൂലം അറിയിച്ചത്. ഇങ്ങനെ രേഖാമൂലം അറിയിക്കലും കത്ത് അയയ്ക്കലും ഇന്നും ഇന്നലെയും തുടങ്ങിയതല്ല. തിരഞ്ഞെടുപ്പ് വരുമ്പോൾ എം.പിമാരും എം.എൽ.എമാരും കത്തയയ്ക്കൽ യജ്ഞം നടത്തും. കേന്ദ്രമന്ത്രിമാർ ഉറപ്പ് നൽകൽ യജ്ഞവും തുടരും. ഒരു പതിറ്റാണ്ടിലേറെക്കാലമായി ഈ ആറുവരിപ്പാത കയ്യാലപ്പുറത്തെ തേങ്ങയായി കിടക്കുകയാണ്. പണമില്ലെന്നും സ്ഥലമെടുക്കാൻ തടസമുണ്ടായെന്നുമെല്ലാം കുറേ കാരണങ്ങൾ നിരത്തി കരാർ കമ്പനിയും ദേശീയപാത അതോറിറ്റിയും തട്ടിക്കളിക്കുന്ന പാതയാണിത്.
തുരങ്കത്തിന് തുരങ്കം വെച്ച്
ദക്ഷിണേന്ത്യയിൽ തന്നെ ശ്രദ്ധേയമായ ഇരട്ടത്തുരങ്കം പണിയുന്ന കുതിരാനിലെ അവസ്ഥയും മറ്റൊന്നല്ല. ജനുവരി അവസാനം തുറക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പാണ് ഒടുവിൽ ഇവിടെ പാഴായത്. ഉറപ്പുകൾക്ക് വിലയില്ലാതാകുമ്പോൾ ശേഷിക്കുന്നത്, മുന്നണികളിലും ഭരണാധികാരികളിലും നേതാക്കളിലുമുള്ള അവിശ്വാസമാണ്. ഒമ്പത് വർഷത്തിനിടെ എട്ടുതവണയാണ് കരാർ കമ്പനിയും ദേശീയപാതാ അതോറിറ്റിയും ജനപ്രതിനിധികളും ഉറപ്പ് നൽകിയത്. തിരഞ്ഞെടുപ്പ് അടുത്തതോടെ, പണിതീരാത്ത ദേശീയപാതയും തുരങ്കവും സജീവ വിഷയമാകാനും തുടങ്ങി. ദേശീയപാത നിർമ്മാണം ഇഴയുന്നതിനെതിരെയും തുരങ്കം തുറക്കണമെന്നും ആവശ്യപ്പെട്ട് ചീഫ് വിപ്പ് കെ. രാജനും കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്തും നൽകിയ ഹർജിയിൽ ഹൈക്കോടതി രൂക്ഷമായി ദേശീയപാത അതോറിറ്റിയെ വിമർശിച്ചിരുന്നു. ഉടൻ വിശദീകരണം നൽകാൻ ആവശ്യപ്പെട്ടപ്പോൾ ഒരു തുരങ്കം പൂർത്തിയാക്കാൻ മൂന്നുമാസം വേണ്ടി വരുമെന്നാണ് കരാർ കമ്പനി അറിയിച്ചത്. എന്നാൽ ആറുമാസത്തേക്ക് മറിച്ചൊന്നും നടക്കാനിടയില്ലെന്നാണ് അധികൃതർ നൽകുന്ന സൂചന. തുടർച്ചയായ അപകടങ്ങളും മണിക്കൂറുകൾ നീളുന്ന കുരുക്കിലും പെട്ട് യാത്രക്കാർ സഹികെടുന്നതിനാൽ, ഒരു തുരങ്കമെങ്കിലും അടിയന്തരമായി തുറക്കണമെന്നായിരുന്നു ചീഫ് വിപ്പ് ആവശ്യപ്പെട്ടിരുന്നത്. ജനുവരി 31ന് ഒരു തുരങ്കം തുറക്കുമെന്ന ദേശീയപാത അതോറിറ്റിയുടെ വാക്ക് വിശ്വസിച്ചാണ് കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയും ഉറപ്പ് പറഞ്ഞത്. അതേസമയത്താണ്, ഇനി മൂന്ന് മാസമെങ്കിലുമെടുക്കുമെന്ന് കരാർ കമ്പനി കോടതിയെ അറിയിച്ചത്. തുരങ്കത്തിലെ സുരക്ഷാ ജോലികൾ ബാക്കിയുണ്ട്. ദിവസങ്ങൾക്ക് മുമ്പ് പാറക്കല്ല് വീണ് തുരങ്കമുഖത്തെ കോൺക്രീറ്റിന് ദ്വാരമുണ്ടായിരുന്നു. ഇത് സുരക്ഷയെക്കുറിച്ചും ആശങ്ക ഉയർത്തുകയാണ്.
2012 ഡിസംബർ 31ന് കരാർപ്രകാരം നിർമ്മാണം പൂർത്തീകരിക്കുമെന്ന് ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയും നൽകിയ ഉറപ്പാണ് ആദ്യം പാഴായത്. പ്രളയവും ഗതാഗതക്കുരുക്കും തുടർന്ന് വൻ പ്രക്ഷോഭങ്ങൾക്ക് വഴിതെളിച്ചപ്പോൾ 2019 ജനുവരി 31ന് പൂർത്തിയാക്കുമെന്ന് രണ്ടാം തവണ തുരങ്കം സന്ദർശിച്ച സംസ്ഥാന പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് കരാർ കമ്പനി മറ്റൊരു ഉറപ്പ് നൽകി. 2019 ഡിസംബർ 31ന് നിർമാണം പൂർത്തിയാക്കുമെന്ന് ഹൈക്കോടതിയിൽ കരാർ കമ്പനിയുടെ സത്യവാങ്മൂലമായിരുന്നു പിന്നീട് വെറുതെയായത്.
2020 മേയ് 31ന് പൂർത്തിയാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയും ടി.എൻ. പ്രതാപൻ എം.പി.യുമായി ഡൽഹിയിൽ നടന്ന ചർച്ചയിൽ ദേശീയപാത അതോറിറ്റിയുടെ ഉറപ്പിന് പിന്നാലെ, 2020 ഡിസംബർ 31ന് പൂർത്തീകരിക്കുമെന്ന കമ്പനിയുടെ ഉറപ്പ് നിതിൻ ഗഡ്കരി പാർലമെന്റിൽ അറിയിച്ചു. വരുന്ന മാർച്ചിൽ പൂർത്തീകരിക്കുമെന്ന് ഹൈക്കോടതിയിൽ നിർമാണക്കമ്പനിയുടെ സത്യവാങ്മൂലം പിന്നെയുമുണ്ടായി. അങ്ങനെ കുറേ ഉറപ്പുകളും വാഗ്ദാനങ്ങളും തിരഞ്ഞെടുപ്പുകാല രാഷ്ട്രീയക്കളികളുമായി ഈ ദേശീയപാതയും തുരങ്കവും ഇഴഞ്ഞിഴഞ്ഞ് നീങ്ങുകയാണ്, കുറേ അപകടങ്ങളേയും ഗതാഗതക്കുരുക്കുകളേയും സാക്ഷിയാക്കി....