 
തൃശൂർ: ആദ്യ രണ്ടുവരിപ്പാത, പിന്നെ നാലുവരി, വീണ്ടും നാലുവരി, ഇടുങ്ങിയ പാലങ്ങൾ, കേച്ചേരിയിൽ കുപ്പിക്കഴുത്തുപോലെയുളള ജംഗ്ഷനുകൾ, കണ്ണുതട്ടാതിരിക്കാനെന്ന പോലെ ആറുവർഷം മുൻപ് പണിത കേച്ചേരി ബസ് സ്റ്റാൻഡ്... അങ്ങനെ നീണ്ടുപോകുന്നു തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയിൽ ചൂണ്ടൽ വരെയുള്ള ദുരിതക്കാഴ്ചകൾ. അപകടങ്ങളും ഗതാഗതക്കുരുക്കും തുടരുമ്പോൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടുതേടാൻ എന്തെല്ലാം പുത്തൻ വാഗ്ദാനങ്ങൾ നൽകാമെന്ന ചിന്തയിലാണ് മുന്നണികൾ.
മഴ പെയ്താൽ താണുപോകുന്ന റോഡുകൾ, വിള്ളലുകൾ, കുഴികൾ, ഇരുട്ടിൽ കാണാനാകാത്ത മീഡിയനുകൾ, അമിതവേഗത്തിലോടുന്ന ലിമിറ്റഡ് സ്റ്റോപ്പുകൾ അങ്ങനെ ഒരു സംസ്ഥാനപാതയ്ക്കു ചേരാത്തതെല്ലാം ഇവിടെ കാണാം. വൈകുന്നേരങ്ങളിൽ കേച്ചേരിയിൽ കുരുങ്ങുന്ന വാഹനങ്ങളിൽ മന്ത്രിമാരുടെയും എം.എൽ.എമാരുടെയുമുണ്ടാകും. ആശുപത്രികളിലേക്കുളള അത്യാസന്ന രോഗികളുമായുള്ള ആംബുലൻസുകളും മറ്റു വാഹനങ്ങളും കുരുങ്ങുമ്പോൾ നാട്ടുകാർ ഇടപെട്ടാണ് വഴി ശരിയാക്കിക്കൊടുക്കുന്നത്. വടക്കൻ ജില്ലകളിലേക്കും കർണ്ണാടകയിലേക്കും ഗോവയിലേക്കും മഹാരാഷ്ട്രയിലേക്കുമെല്ലാമുളള ചരക്കുലോറികളും വഴിനീളെ കിടക്കുന്നുണ്ടാകും. കച്ചവടക്കാർ കട വിട്ടൊഴിയുന്നില്ലെന്നും ഭൂമി ഏറ്റെടുക്കുന്നതിലെ തടസമുണ്ടെന്നും പറഞ്ഞ് കണ്ണിൽപൊടിയിട്ട നേതാക്കളും ജനപ്രതിനിധികളും തിരഞ്ഞെടുപ്പ് വരുമ്പോഴാണ് വാഗ്ദാനങ്ങളുടെ ലിസ്റ്റുമായി മുന്നിൽ വരുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.
അപകടവഴി
മുണ്ടൂരിൽ നാലുവരിപ്പാതയില്ലാത്തതിനാലുള്ള അപകട സാദ്ധ്യതയേറെയാണ്. ഇന്നലെ പുറ്റേക്കര സ്‌കൂളിനു സമീപമുണ്ടായ ബൈക്ക് അപകടത്തിൽ യുവാവിന്റെ ജീവൻ നഷ്ടമായി. ബസിനെ മറികടക്കുന്നതിനിടെയായിരുന്നു അപകടം. നാലുവരിപ്പാത പണിയാത്തതാണ് അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് നാട്ടുകാർ പറഞ്ഞു. കൈപ്പറമ്പ് കഴിഞ്ഞാൽ ചൂണ്ടൽ വരെയും രണ്ടുവരിപ്പാതയാണ്.
തൃശൂർ, വടക്കാഞ്ചേരി, മണലൂർ, കുന്നംകുളം നിയോജക മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന റോഡാണിത്. രണ്ട് മന്ത്രിമാരുമുണ്ട്. പക്ഷേ, നാലുവരിപ്പാത നിർമ്മാണം പൂർത്തിയാക്കാൻ പന്ത്രണ്ട് വർഷമായിട്ടും കഴിഞ്ഞില്ല.
വെറുതെ ഒരു ബസ് സ്റ്റാൻഡ്
സംസ്ഥാനപാതയിലെ പ്രധാന സെന്ററായ കേച്ചേരിയിൽ 50 ലക്ഷം രൂപ ചെലവിട്ട് ടെർമിനലും എ.എൽ.എ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവിൽ അനുബന്ധ റോഡുകളും നിർമ്മിച്ചാണ് രാജീവ് ഗാന്ധി ബസ് സ്റ്റാൻഡ് പൂർത്തിയാക്കിയത്. 2015 മാർച്ച് 21 ന് മുഴുവൻ പണികളും പൂർത്തിയാക്കി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് ഉദ്ഘാടനം ചെയ്തത്. സ്വകാര്യ വ്യക്തി സൗജന്യമായി നൽകിയ 60 സെന്റ് സ്ഥലത്താണ് ബസ് സ്റ്റാൻഡ് കെട്ടിടം പണിതത്. എന്നാൽ ഇന്നേ വരെ ബസുകൾ കയറാനായിട്ടില്ല. റോഡ് വികസനം പൂർത്തിയാക്കാത്തതാണ് കാരണമായി പറയുന്നത്.
'' മഴുവഞ്ചേരി ചൂണ്ടൽ റോഡ് നാലുവരിയാക്കുന്നതിനും കേച്ചേരി ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും ശ്രമങ്ങൾ നടക്കുന്നുണ്ട്. ചൂണ്ടൽ പഞ്ചായത്ത് ഭരണസമിതിയുമായി ചർച്ച നടത്തി ബസ് സ്റ്റാൻഡ് പ്രവർത്തിപ്പിക്കാനും ശ്രമിക്കും.''
- മുരളി പെരുനെല്ലി, എം.എൽ.എ