
തൃശൂർ: കണ്ണിന് ഭാഗികമായി കാഴ്ചക്കുറവുള്ള മണലൂർ മാമ്പിള്ളി സ്വദേശി നെടിയമ്പത്ത് വീട്ടിൽ സിന്ധു ബാലന്റെ വർഷങ്ങൾ നീണ്ട പരാതിയിൽ എ.എ.വൈ റേഷൻ കാർഡ് അനുവദിച്ച് അദാലത്തിലെ ആദ്യപരിഹാരം. സിന്ധുവും രണ്ട് പെൺമക്കളും അടങ്ങുന്ന കുടുംബത്തിന് ഇനി സർക്കാരിന്റെ എല്ലാ അനുകൂല്യങ്ങൾക്കും മുൻഗണന ലഭിക്കും.
മണലൂർ പഞ്ചായത്തിൽ മാമ്പിള്ളിയിൽ താമസിക്കുന്ന സിന്ധുവിന് 14 വർഷമായി റേഷൻ കാർഡ് കിട്ടാത്തതിനാൽ നിരവധി ആനുകൂല്യങ്ങളാണ് നഷ്ടമായത്. ഭൂമി മറ്റൊരാളുടെ പേരിലായത് മാറ്റി കിട്ടാത്തതിനാലാണ് റേഷൻ കാർഡിന് കാലതാമസം ഉണ്ടായത്. സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്തിന് മുന്നോടിയായി നൽകിയ അപേക്ഷയിൽ സിന്ധുവിന്റെ ആവശ്യം മനസിലാക്കി ജില്ലാ സപ്ലൈ ഓഫീസിൽ നിന്ന് അനുകൂല മറുപടി ലഭിക്കുകയും അദാലത്തിൽ മന്ത്രി എ.സി മൊയ്തീൻ റേഷൻ കാർഡ് സിന്ധുവിന് കൈമാറുകയുമായിരുന്നു.
2006ലാണ് സിന്ധുവിന്റെ ഭർത്താവ് ബാലൻ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്. അതോടെ, രണ്ട് പെൺകുട്ടികളടങ്ങുന്ന കുടുംബത്തെ മുന്നോട്ട് കൊണ്ട് പോകുക എന്നത് വെല്ലുവിളി നിറഞ്ഞതായി. കണ്ണിലെ ഞരമ്പ് തളരുന്നത് മൂലം കണ്ണിന്റെ കാഴ്ച കുറഞ്ഞു. രണ്ട് കണ്ണിലൂടെയും നേരെയുള്ള വസ്തുക്കളെ മാത്രമേ കാണാൻ കഴിഞ്ഞിരുന്നുള്ളൂ. ഇരുകണ്ണിലേയും വശങ്ങളിലെ കാഴ്ചകൾ പൂർണ്ണമായി കാണാൻ കഴിയില്ല.
കാഴ്ച കുറഞ്ഞു വന്നതിനാൽ കണ്ടശ്ശാംകടവിലെ സ്വകാര്യ കമ്പനിയിൽ കപ്പലണ്ടി പായ്ക്ക് ജോലിയിൽ ഏർപ്പെട്ടിരുന്ന സിന്ധുവിന് അതോടെ ജോലി നഷ്ടമായി. വിധവാ പെൻഷന്റെ സഹായത്തോടെയാണ് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്. രണ്ട് മക്കളുടെയും വിവാഹം കഴിഞ്ഞു. കൊവിഡ് കാലം പട്ടിണിയില്ലാതെ മറികടക്കാൻ മണലൂർ പഞ്ചായത്തിന്റെ ആശ്രയ കിറ്റും സഹായിച്ചുവെന്ന് സിന്ധു പറയുന്നു.
അതിരില്ലാത്ത ആഹ്ലാദവുമായി റുഖിയ
ഒല്ലൂക്കര പഞ്ചായത്തിലെ പട്ടാളക്കുന്നിലെ ഭൂമിയില്ലാത്ത 11 തൊഴിലാളി കുടുംബങ്ങൾക്കായാണ് മണ്ണുത്തി കുഴിവീട്ടിൽ റുഖിയ മുഹമ്മദ് അദാലത്തിലെത്തിയത്. 1985ൽ ഒല്ലൂക്കര പഞ്ചായത്ത് അധികാരികൾ ഭൂവുടമകളിൽ നിന്ന് സ്ഥലം വാങ്ങിയാണ് ഭൂരഹിത തൊഴിലാളി കുടുംബങ്ങൾക്ക് പട്ടയം നൽകാൻ തീരുമാനിച്ചത്. 41 കുടുംബങ്ങൾക്ക് പട്ടയം നൽകിയപ്പോൾ റുഖിയയും ഉൾപ്പെട്ടിരുന്നു. ഇതിനിടയിൽ പഞ്ചായത്ത് കോർപറേഷൻ പരിധിയിലേക്ക് മാറി. തൃശൂർ താലൂക്കിലെ സർവേയിൽ ബാക്കിയുളള 12 വീടുകൾക്കും പട്ടയം ലഭിച്ചില്ല. ഒരുമിച്ച് അപേക്ഷ നൽകിയവരിൽ 12 പേർക്കും കിട്ടാതായതോടെ അവർക്കൊപ്പം റുഖിയ ഇറങ്ങിത്തിരിച്ചു. 12 വീട്ടുകാരിൽ ഒരാൾ മരിച്ചതോടെ 11 കുടുംബങ്ങളായി. ഒടുവിൽ, ഫെബ്രുവരി 14ന് നടക്കുന്ന പട്ടയമേളയിൽ എല്ലാവർക്കും പട്ടയം നൽകാൻ അദാലത്തിൽ തീരുമാനമായി.