
തൃശൂർ: ചേറൂർ താണിക്കുടത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ക്വാറി കരിങ്കല്ലിന് അമിത വില ഈടാക്കുന്നുവെന്ന് സാന്ത്വന സ്പർശം അദാലത്തിൽ ടിപ്പർ ലോറി ഡ്രൈവർമാരുടെ പരാതി. സംയുക്ത ടിപ്പർ ലോറി ഡ്രൈവേഴ്‌സ് യൂണിയനാണ് പരാതി നൽകിയത്. തീരുമാനമറിയാൻ 125 ഓളം ടിപ്പർ ലോറി ഡ്രൈവർമാരാണ് കരിങ്കല്ല് കയറ്റിറക്ക് ജോലികൾ നിറുത്തിവെച്ച് ഇന്നലെ സാന്ത്വന സ്പർശം അദാലത്ത് നടക്കുന്ന തൃശൂർ ടൗൺ ഹാളിന് സമീപത്തെത്തിയത്.
പ്രശ്‌ന പരിഹാരത്തിനായി ഇരുവിഭാഗവുമായും ചർച്ച നടത്തുമെന്ന് കളക്ടർ എസ്. ഷാനവാസ് അദാലത്തിൽ ഉറപ്പ് നൽകിയതായി ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. താണിക്കുടത്തെ സ്വകാര്യ ക്വാറി ഒരു യൂണിറ്റ് കരിങ്കല്ലിന് 2,000 രൂപ ഒറ്റയടിക്ക് വർദ്ധിപ്പിക്കുകയായിരുന്നു. അത് പ്രകാരം കരിങ്കല്ലിന് യൂണിറ്റൊന്നിന് 3700 രൂപയാണ് നൽകേണ്ടി വരിക. അസഹനീയമായ ഈ വില വർദ്ധനവിനെതിരെ ടിപ്പർ ലോറി ഡ്രൈവർമാർ ജിയോളജി വകുപ്പ്, അനിൽ അക്കര എം.എൽ.എ, ചീഫ് വിപ്പ് കെ.രാജൻ, എ.ഡി.എം എന്നിവർക്ക് നാല് ദിവസം മുമ്പ് പരാതി നൽകിയിരുന്നു.
തുടർന്നാണ് സാന്ത്വന സ്പർശം അദാലത്തിലും പരാതി നൽകിയത്. ക്വാറിയിൽ കരിങ്കല്ലിന് വില വർദ്ധിപ്പിക്കണമെങ്കിൽ ജിയോളജി വകുപ്പിന്റെയും കളക്ടറുടെയും അനുമതി വേണമെന്നിരിക്കേ അതെല്ലാം ലംഘിച്ചാണ് ക്വാറി ഉടമ ഏകപക്ഷീയമായി വില കൂട്ടിയതെന്ന് ടിപ്പർ ലോറി ഡ്രൈവർമാർ പറഞ്ഞു. ലൈഫ് മിഷൻ വീടുകളുടെ നിർമ്മാണം തുടങ്ങിയതോടെ കരിങ്കല്ലിന് ഡിമാന്റ് കൂടുകയും വില വർദ്ധിപ്പിക്കുകയുമായിരുന്നു. അതേസമയം ജില്ലയിൽ മറ്റ് ക്വാറികൾ കരിങ്കല്ലിന് ഇത്രയധികം വില ഈടാക്കുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി. ചേലക്കരയിലെ ക്വാറികൾ 3000 രൂപ മാത്രമാണ് യൂണിറ്റിന് ഈടാക്കുന്നത്. വില നിർണയത്തിന് സമിതിയുണ്ടാക്കുമെന്ന നിർദ്ദേശവും ഇതേവരെ നടപ്പായില്ലെന്ന് ടിപ്പർ ലോറി ഡ്രൈവർമാർ പറഞ്ഞു.
വില നിശ്ചയിക്കാൻ അധികാരമില്ലെന്ന് ജിയോളജി വകുപ്പ്
ക്വാറികളിലെ കരിങ്കല്ലിന്റെ വില നിശ്ചയിക്കാനുള്ള അധികാരം തങ്ങൾക്കില്ലെന്ന് തൃശൂർ ജിയോളജി വകുപ്പ് അധികൃതർ വ്യക്തമാക്കി. ക്വാറി ഉടമകൾ റോയൽറ്റി കൃത്യമായി അടക്കുന്നുണ്ടോ എന്ന് നോക്കാൻ മാത്രമാണ് ജിയോളജി വകുപ്പിന് അധികാരമുള്ളൂവെന്ന് ജില്ലാ സീനിയർ ജിയോളജിസ്റ്റ് കിഷോർ എം.സി. പറഞ്ഞു. സാന്ത്വന സ്പർശം അദാലത്തിൽ ലഭിച്ച പരാതിയിൽ ജില്ലാ കളക്ടർ ഇരുവിഭാഗവുമായി ചർച്ച നടത്തി പ്രശ്‌നപരിഹാരം നടത്തുമെന്ന് അറിയിച്ചതായും അദ്ദേഹം പറഞ്ഞു.